വിദേശ ബാങ്ക് ഇന്ത്യന്‍ സര്‍ക്കാറിന് നല്‍കിയ കള്ളപ്പണക്കാരുടെ ലിസ്റ്റില്‍ കൊച്ചി ഐ.പി.എല്‍ ഉടമകളുമുണ്ടെന്ന് സൂചന. കൊച്ചി ഐ.പി.എല്‍ ഫ്രാഞ്ചൈസി ഓഹരി ഉടമകളായ റോസിബ്ലൂവിന്റെ ഉടമകളാണ് ഈ ലിസ്റ്റിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. അരുണ്‍ മേത്ത, ദിലീപ് മേത്ത എന്നിവരുടെ പേരുകളാണ് ജര്‍മ്മനിയിലെ എല്‍.ജി.ടി ബാങ്ക് നല്‍കിയ ലിസ്റ്റിലുള്ളത്. ഇത് റോസിബ്ലൂവിന്റെ ഓഹരി ഉടമകളാണെന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍.

രണ്ട് വര്‍ഷം മുമ്പാണ് ജര്‍മ്മന്‍ ബാങ്ക് കള്ളപ്പണക്കാരുടെ കേന്ദ്ര സര്‍ക്കാറിന് ലിസ്റ്റ് കൈമാറിയത്. എന്നാല്‍ ഇന്ത്യന്‍ ജനതക്ക് മുമ്പാകെ ഈ ലിസ്റ്റ് വെളിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ഇത്രയും കാലം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ധനമന്ത്രി പ്രണബ് മുഖര്‍ജിയും പറഞ്ഞുകൊണ്ടിരുന്ന ലിസ്റ്റ് പുറത്ത് വിട്ടത് തെഹല്‍കയാണ്.

ലിസ്റ്റിലെ 18 പേരില്‍ 16 ആളുകളുടെ പേരും തെഹല്‍ക പുറത്ത് വിട്ടിട്ടുണ്ട്. വ്യക്തികളും ട്രസ്റ്റുകളുമുള്‍ക്കൊള്ളുന്നതാണിത്.

മനോജ് ധുപേലിയ, രൂപാല്‍ ധുപേലിയ, മോഹന്‍ ധുപേലിയ, ഹസ്മുഖ് ഗാന്ധി, ചിന്ദന്‍ ഗാന്ധി, ദിലീപ് മേത്ത, അരുണ്‍ മേത്ത, അരുണ്‍ കൊച്ചാര്‍, ഗുന്‍വാന്ധി മേത്ത, രജ്‌നികാന്ത് മേത്ത, പ്രബോദ് മേത്ത, അശോക് ജയ്പുരിയ, രാജ് ഫൗണ്ടേഷന്‍, ഉര്‍വ്വശി ഫൗണ്ടേഷന്‍, അംബ്രുനോവ ട്രസ്റ്റ് എന്നിവയുടെ പേരാണ് ലിസ്റ്റിലുള്ളത്. മൂന്ന് ട്രസ്റ്റുകള്‍ ഇന്ത്യക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്തതാണ്.

ലിസ്റ്റിലുള്ള വ്യക്തികള്‍ക്കും ട്രസ്റ്റുകള്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും ഇവര്‍ക്കെതിരെ നികുതിവകുപ്പിന്റെ നടപടി ഉടന്‍ ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്.