ന്യൂദല്‍ഹി: സര്‍ക്കാറിന് ലഭിച്ച വിദേശ ബാങ്കുകളില്‍ കള്ളപ്പണമുള്ള ഇന്ത്യക്കാരുടെ ലിസ്റ്റില്‍ ഒറ്റ എം.പിമാര്‍ പോലുമില്ലെന്ന് ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പ്രസംഗത്തിലാണ് പ്രണബ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിദേശ ബാങ്കുകളില്‍ കളളപ്പണ നിക്ഷേപമുളള 782 ഇന്ത്യക്കാരുടെ പേരുവിവരമാണ് സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 25 ലക്ഷം കോടി രൂപയുടെ കളളപ്പണ നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. കളളപ്പണക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സര്‍ക്കാരിന്റെ നിസംഗതയെ സുപ്രീംകോടതിയും കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തിര പ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്വാനി പറഞ്ഞു.

Subscribe Us:

വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരില്‍ പാര്‍ലമെന്റ് മെമ്പര്‍മാരും ഉള്‍പ്പെടുമെന്നാണ് പ്രചാരണം. എന്റെ കൈയ്യില്‍ കിട്ടിയ ലിസ്റ്റില്‍ പക്ഷേ ഒറ്റ എം.പിയുടെ പേരു പോലുമില്ല-അടിയന്തര പ്രമേയത്തിന് മറുപടിയായി പ്രണബ് പറഞ്ഞു. വേണ്ടുന്ന നടപടികളെല്ലാം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് 36,000 ത്തോളം രേഖകള്‍ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു മണിക്കൂറോളം അടിയന്തര പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നീണ്ടു. പ്രമേയം സ്പീക്കര്‍ ശബ്ദ വോട്ടിനിട്ട് തള്ളി. ഇതേതുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.

Malayalam News
Kerala News in English