Categories

സി.പി.ഐ.എം നേതാക്കളുടെ വീടിന് മുന്നില്‍ കരിങ്കൊടി

കാഞ്ഞങ്ങാട്: വിഎസിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ജില്ലയില്‍ സി.പി.ഐ.എം നേതാക്കളുടെ വീടിന് മുന്നില്‍ കരിങ്കൊടി. ഇന്നു രാവിലെയാണ് ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരന്‍ എം.പി, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ എന്നിവരുടെ വീടുകളുടെ മുമ്പില്‍ കരിങ്കൊടി ഉയര്‍ന്നത്. വി.എസിനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

മടിക്കൈയില്‍ പിണറായി വിജയനെതിരേ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. തൊഴിലാളി വര്‍ഗത്തിന്റെ ഒറ്റുകാരന്‍ എന്നാണ് പിണറായി വിജയനേ വിശേഷിപ്പിച്ചിരിക്കുന്നത്. ഫ്‌ളക്‌സില്‍ ചാണകം തേച്ചിട്ടുമുണ്ട്.

അതേസമയം വി.എസിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെയും ഇന്നുമായി സംസ്ഥാനത്തൊട്ടുക്കും പ്രതിഷേധപ്രടകനടങ്ങള്‍ നടക്കുകയാണ്. കാസര്‍ഗോഡ് നീലേശ്വരത്താണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ആദ്യം പ്രകടനം നടന്നത്. വി.എസ് അനുകൂല പ്രകടനം നടക്കുന്ന വഴിയെ തന്നെ ഡി.വൈ.എഫ്.ഐ മണ്ഡലം പ്രചാരണ ജാഥയും നടന്നിരുന്നു. ഇരു പ്രകടനങ്ങളും മുഖാമുഖം കണ്ടു. ചെങ്കൊടിയേന്തി ഓട്ടോറിക്ഷ തൊഴിലാളികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമാണ് പ്രകടനം നയിച്ചത്.

ജില്ലയില്‍ കാഞ്ഞങ്ങാട് പൂച്ചക്കാട്ട് 200 ഓളം വരുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അഴിമതി നേതാക്കന്‍മാരെ മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം. പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായ കയ്യൂരില്‍ സി.പി.ഐ.എം അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. മോസ്‌കോ എന്നറിയപ്പെടുന്ന പാര്‍ട്ടിഗ്രാമമായ മടിക്കൈ, കര്‍ഷക സമരങ്ങളുടെ പോരാട്ട ഭൂമിയായ കൊടക്കാട്, വേങ്ങാപ്പാറ എന്നിവിടങ്ങളില്‍ പ്രകടനം നടന്നു.

കണ്ണൂരില്‍ കുഞ്ഞിമംഗലം, തെക്കുമ്പാട് തലായിമുക്കില്‍ പ്രടകനക്കാര്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കോലം കത്തിച്ചു. കുഞ്ഞിമംഗലം പറമ്പത്ത് 200 ഓളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഡി.വൈ.എഫ്.ഐ അംഗങ്ങളുടെയും മറ്റൊരു പ്രകടനവും നടന്നു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കൂത്ത്പറമ്പിലും വി.എസ് അനുകൂലപ്രകടനം നടന്നു. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ വി.എസ് അനുകൂല ലഘുലേഘകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് എടച്ചേരി, കൊയിലാണ്ടി, കീഴരിയൂര്‍ തുടങ്ങി വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. എറണാകുളത്ത് ഏഴിക്കര, കോട്ടയത്ത് തിരുവാര്‍പ്പ്, തീക്കോയി, തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലാണ് പ്രകടനം നടന്നത്.

2006ല്‍ വി.എസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ആദ്യം പ്രതിഷേധ പ്രകടനം പൊട്ടിപ്പുറപ്പെട്ട കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് തന്നെയാണ് ഇത്തവണയും പ്രതിഷേധത്തിന് തുടക്കം കുറിച്ചതെന്നത് ശ്രദ്ധേയമാണ്. 2006ലെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി തീരുമാനം തിരുത്തി വി.എസിന് മത്സരിക്കാന്‍ സീറ്റ് നല്‍കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.