പാലക്കാട്: മുല്ലപ്പെരിയാറില്‍ പുതിയ ഡാം കെട്ടാനുള്ള കേരളത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ദ്രാവിഡകഴകം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കരിങ്കൊടി കാട്ടി. പറമ്പിക്കുളത്തേക്കു പോകുകയായിരുന്നു മുഖ്യമന്ത്രി. തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തിനടുത്തുള്ള വളന്തൈമരത്ത് കാത്തുനിന്ന പെരിയാര്‍ ദ്രാവിഡകഴകം പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചത്.

ഇവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കിയശേഷമാണ് മുഖ്യമന്ത്രി അതുവഴി കടന്നുപോയത്. മുപ്പതോളം പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്. കേരള മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് കരിങ്കൊടിയുമായി പെരിയാര്‍ ദ്രാവിഡകഴകം പ്രവര്‍ത്തകര്‍ രാവിലെ തന്നെ അവിടെ കേന്ദ്രീകരിച്ചിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുകയായിരുന്നു.

ഇന്നുരാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പറമ്പികുളം പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനത്തിന് പോകുകയായിരുന്നു മുഖ്യമന്ത്രി. മീനാക്ഷിപുരം വഴി വേണം ഇവിടെ എത്താന്‍. കേരള മുഖ്യമന്ത്രി ഇതുവഴി കടന്നുപോകുന്നുവെന്നറിഞ്ഞ ദ്രാവിഡകഴകം പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്.

പൊള്ളാച്ചി പൊലീസ് സൂപ്രണ്ട്, പാലക്കാട് പൊലീസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.