ബാംഗ്ലൂര്‍:  കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ സ്ത്രീകള്‍ കരിങ്കൊടി കാട്ടി. പ്രതിഷേധമുയര്‍ത്തിയ സ്ത്രീയെ പോലീസ് മര്‍ദ്ദിച്ചു. കര്‍ണ്ണാടകത്തിലെ തുങ്കൂറില്‍ ഒരു ചടങ്ങിലാണ് സംഭവം.

സോണിയ പ്രസംഗിക്കാന്‍ വേദിയിലേക്ക് ചെന്നപ്പോള്‍ സഭയില്‍ മുന്‍നിരയില്‍ ഇരുന്ന സ്ത്രീകളാണ് കരിങ്കൊടി ഉയര്‍ത്തിയത്. ഉടന്‍ തന്നെ പോലീസ് സ്ത്രീയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പുരുഷ, വനിതാ പോലീസുകാര്‍ ചേര്‍ന്നാണ് ഇവരെ മര്‍ദ്ദിച്ചത്. മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ വായ കൈ കൊണ്ട് അടച്ചു പിടിക്കുകയും ചെയ്തു. പോലീസ് ഇവരെ അറസ്റ്റു ചെയ്ത് നീക്കി. എന്നാല്‍ ഇവര്‍ക്കൊപ്പമുള്ള സ്ത്രീകള്‍ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കി.

അയിത്തം അനുഭവിച്ചിരുന്ന മഡിഗ സമുദായത്തിന് പട്ടിക ജാതി സംവരണത്തില്‍ 8.5 ശതമാനം പ്രത്യേക സംവരണം അനുവദിക്കണം എന്ന ആവശ്യം പരിഗണിക്കാത്തതിനെതിരെ മഡിഗ ദന്തോറ മീസാലതി ഹൊറാന സമിതിക്കാരാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. സിദ്ധ ഗംഗ മഠാധിപതി ശിവകുമാര്‍ സ്വാമിയുടെ 105-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് കര്‍ണ്ണാടക സന്ദര്‍ശനത്തിനിടെ സോണിയ തുംങ്കൂറില്‍ എത്തിയത്.

ഏറെ കാലമായി തങ്ങളെ പട്ടിക വര്‍ഗ വിഭാഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട് മഡിഗ വിഭാഗം. ഒരു മാസം മുമ്പ് മഡിഗ സമുദായത്തിന്റെ പ്രതിനിധി സംഘം ദില്ലിയിലെത്തി അധികൃതരെ കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയുണ്ടായിരുന്നു. എന്നാല്‍ അധികൃരുടെ ഭാഗത്തു നിന്നും അന്നു ലഭിച്ച ഉറപ്പ് പ്രകാരം ഒന്നും സംഭവിച്ചില്ല. ഇതെ തുടര്‍ന്നാണ് ഇപ്പോള്‍ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചത്.

Malayalam News

Kerala News in English