ന്യൂദല്‍ഹി: ആഗസ്റ്റ് 15 കറുത്ത ദിനമായി ആചരിക്കുമെന്ന് മാവോവാദികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്വാതന്ത്ര്യ ദിനത്തില്‍ ആക്രമങ്ങള്‍ തടയുന്നതിനായി രാജ്യത്തെ പ്രധാന എട്ട് നക്‌സല്‍ ബാധിത സംസ്ഥാനങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

ഛത്തീസ്ഗഢ്, ജാര്‍ഗണ്ഡ്, ഒറീസ്സ, ബിഹാര്‍, വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര, ആന്ദ്രാ പ്രദേശ്, മധ്യ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലാണ് ആഭ്യന്തരമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അക്രമസാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യത്തിന് സേനയെ വിന്യസിക്കാനും, സംശയാസ്പദമായ സാഹചര്യങ്ങളില്‍ ആരെയെങ്കിലും കണ്ടാല്‍ നീരീക്ഷിക്കാന്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും പഞ്ചായത്ത് അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഒറീസ്സ, വെസ്റ്റ് ബംഗാള്‍ എന്നീ സ്ഥലങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. ഈ സ്ഥലങ്ങളിലെ ജനങ്ങളോട് പൊതു സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും കറുത്ത കൊടിയുയര്‍ത്താന്‍ മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇങ്ങനെയൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.

പ്രശ്‌നബാധിത മേഖലകളിലെ മാര്‍ക്കറ്റുകള്‍, റെയില്‍വെ സ്‌റ്റേഷനുകള്‍, ബസ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ പ്രത്യേകമായി നിരീക്ഷിക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.