എഡിറ്റര്‍
എഡിറ്റര്‍
ഷിന്‍ഡയെ ബഹിഷ്‌ക്കരിക്കാന്‍ ബി.ജെ.പി തീരുമാനം
എഡിറ്റര്‍
Saturday 2nd February 2013 9:22am

ന്യൂദല്‍ഹി  : ഹിന്ദു തീവ്രവാദ പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡയുടെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു. ആഭ്യന്തരമന്ത്രി വിളിച്ച് ചേര്‍ക്കുന്ന എല്ലാ യോഗങ്ങളും ബഹിഷ്‌കരിക്കണമെന്നും  അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ കരിങ്കൊടി കാണിക്കുമെന്നും  ബി.ജെ.പി നേതൃത്വം പറഞ്ഞു.

Ads By Google

ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പരിശീലന ക്യാമ്പുകളില്‍ ഹിന്ദുഭീകരത പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ഷിന്‍ഡെയുടെ പ്രസ്താവന.കഴിഞ്ഞ മാസം ജയ്പൂരില്‍ കോണ്‍ഗ്രസ്സിന്റെ ചിന്തന്‍ശിബിരത്തില്‍ സംബന്ധിച്ച സംസാരിക്കുമ്പോഴാണ് ഷിന്‍ഡെ ബി.ജെ.പിക്കെതിരെ തിരിഞ്ഞത്.

ഷിന്‍ഡെ പ്രസ്്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ബി.ജെ.പിയും ആര്‍.എസ്.എസും ശക്തമായി  ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഷിന്‍ഡെയുടെ പ്രസ്ഥാവനക്കെതിരെ കോണ്‍ഗ്രസ്സ് നേതൃത്വം വിദഗ്ദമായി ഒഴിഞ്ഞുമാറിയെങ്കിലും മുതിര്‍ന്ന മന്ത്രിമാര്‍ ഷിന്‍ഡയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.

രാജ്‌നാഥ് സിങ്ങ് ബി.ജെ.പി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ബി.ജെ.പിയുടെ ഉന്നതതല യോഗം ദല്‍ഹിയില്‍ ചേര്‍ന്നത്. പാര്‍ലമെന്റ് സമ്മേളനം ഉള്‍പ്പെടെ നിര്‍ണ്ണായക ചടങ്ങുകള്‍ തുടങ്ങാനിരിക്കെയാണ് ബി.ജെ.പിയുടെ ബഹിഷ്‌ക്കരണ മുന്നറിയിപ്പ്.

Advertisement