എഡിറ്റര്‍
എഡിറ്റര്‍
‘ജനരക്ഷയെക്കുറിച്ച് പിന്നെ, ആദ്യം കോഴ ചര്‍ച്ച ചെയ്യൂ’; ജനരക്ഷായാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച ബി.ജെ.പി നേതൃയോഗത്തില്‍ ബഹളംവെച്ച് പ്രവര്‍ത്തകര്‍
എഡിറ്റര്‍
Tuesday 22nd August 2017 8:04am

 

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര വിജയിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ല കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രാദേശിക നേതാക്കള്‍. നേതാക്കള്‍ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു യോഗത്തില്‍ പ്രവര്‍ത്തകരുടെ ബഹളം.

സെപ്റ്റംബര്‍ ഏഴിന് പയ്യന്നൂരില്‍നിന്ന് തുടങ്ങുന്ന ജനരക്ഷായാത്രയ്ക്ക് ജില്ലയില്‍ നല്‍കേണ്ട സ്വീകരണപരിപാടികളെക്കുറിച്ചും മറ്റും ചര്‍ച്ചചെയ്യനായിരുന്നു ജില്ല കമ്മിറ്റി അംഗങ്ങള്‍ക്കുപുറമെ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍, മേഖല ഭാരവാഹികള്‍, പോഷക സംഘടന ഭാരവാഹികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജില്ലകമ്മിറ്റി ഓഫിസില്‍ യോഗം ചേര്‍ന്നത്.


Dont miss വന്ദേമാതരത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കണം; അവരുടെ വോട്ടവകാശം റദ്ദുചെയ്യണം: ശിവസേന


എന്നാല്‍ യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി ചര്‍ച്ചചെയ്യണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് യോഗത്തിലെ ഭൂരിഭാഗം പേരും ഈ ആവശ്യത്തിനൊപ്പം നിലകൊള്ളുകയായിരുന്നു.

പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, ഉത്തരമേഖല സെക്രട്ടറി എം.പി. രാജന്‍, യുവമോര്‍ച്ച സംസ്ഥാന ഭാരവാഹി പ്രഫുല്‍ കൃഷ്ണ എന്നിവര്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം.

മെഡിക്കല്‍ കോഴ, സൈന്യത്തില്‍ ചേര്‍ക്കാന്‍ കോഴ വാങ്ങിയെന്ന എഫ്.ഐ.ആര്‍, ദേശീയ കൗണ്‍സിലിന്റെ പേരിലുള്ള വ്യാജ രസീത് വിവാദം എന്നിവയാണ മൂവര്‍ക്കുമെതിരായ അച്ചടക്ക നടപടിക്ക് കാരണമെന്ന് നേതാക്കള്‍ വിശദീകരിച്ചെങ്കിലും വിവിധ ഭാഗങ്ങളിലെ പ്രാദേശിക നേതാക്കള്‍ യോഗം തുടരാന്‍ അനുവദിക്കാതെ ബഹളം തുടരുകയായിരുന്നു.


Yoy Must Read This: കാശ്മീരിന്റെയും ഗാന്ധിയുടെയും പേരില്‍ ജനത്തെ കബളിപ്പിച്ച ബി.ജെ.പി ഇപ്പോള്‍ കാവിയുടെ പേരില്‍ ജനത്തെ കബളിപ്പിക്കുന്നു: കമല്‍ഹാസന്‍


ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത പാര്‍ട്ടി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നായിരുന്നു പ്രവര്‍ത്തകരുടെ വാദം. പിന്നീട് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രമായി ജില്ലയിലെ പാര്‍ട്ടിയുടെയും പോഷക സംഘടന ഭാരവാഹികളുടെയും യോഗം ചേരുമെന്ന് എ.എന്‍. രാധാകൃഷ്ണന്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രവര്‍ത്തകര്‍ പിന്മാറിയത്.

Advertisement