Categories

യെദ്യൂരപ്പ ബി.ജെ.പിയിലേക്ക് തിരിച്ചെത്തുന്നു; കെ.ജെ.പിയും ബി.ജെ.പിയും ഒന്നിച്ചുകൊണ്ടുപോകാന്‍ ധാരണ

yediyurappa1

ബാംഗ്ലൂര്‍: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് ##യെദ്യൂരപ്പ ബി.ജെ.പിയിലേക്ക് തിരിച്ചെത്തുന്നു.

ബി.ജെ.പിയില്‍ വന്നതിന് ശേഷം യെദ്യൂരപ്പയുടെ നിലവിലെ പാര്‍ട്ടിയായ കെ.ജെ.ഡിയുമായി ഒന്നിച്ചുപ്രവര്‍ത്തിക്കാനാണ് തീരുമാനം. പാര്‍ട്ടിയിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പായിരുന്നു യെദ്യൂരപ്പ ബി.ജെ.പി വിട്ടത്.

കര്‍ണാടകയിലെ ബി.ജെ.പി മുതിര്‍ന്ന നേതാക്കളും യെദ്യൂരപ്പയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനം ഉണ്ടായതെന്നാണ് അറിയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ ബി.ജെ.പിയിലേക്ക് തന്നെ തിരിച്ചുവരണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പയ്ക്ക് മേല്‍ നേതാക്കള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

തങ്ങള്‍ കെ.ജെ.പിയെ ബി.ജെ.പിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി യെദ്യൂരപ്പ വ്യക്തമാക്കിയതായി മുതിര്‍ന്ന ബി.ജെ.പി നേതാവ് അനന്ത കുമാര്‍ പറഞ്ഞു.

എന്നാല്‍ യെദ്യൂരപ്പ ബി.ജെ.പിയില്‍ തിരിച്ചെത്തിയാലും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഔപചാരികമായ എല്ലാ കാര്യങ്ങളും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഈ നിമിഷം മുതല്‍ കര്‍ണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ ഒരുക്കത്തില്‍ തങ്ങളും പങ്കാളികളാകും.

കര്‍ണാടകയിലെ 28 സീറ്റുകളില്‍ 20 സീറ്റിന് മുകളില്‍ ബി.ജെ.പി നേടിയിരിക്കുമെന്നും യെദ്യൂരപ്പ പി.ടി.ഐയോട് വ്യക്തമാക്കി.

യെദ്യൂരപ്പയുടെ മടങ്ങിവരവോടെ കര്‍ണാടകയില്‍ ബി.ജെ.പി ശക്തിയാര്‍ജ്ജിക്കുമെന്നും ബി.ജെ.പിക്ക് പത്ത് മടങ്ങ് ശക്തി വര്‍ദ്ധിക്കുമെന്നും അനന്ത കുമാര്‍ പറഞ്ഞു.

പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിങ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചതായും അനന്ത കുമാര്‍ വ്യക്തമാക്കി.