ലക്‌നൗ: യു.പിയിലെ അവസാന ഘട്ട വോട്ടെടുപ്പില്‍ ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനായി എത്തുന്ന എല്ലാ സ്ത്രീകളേയും പരിശോധിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ പരിഹസിച്ച് ശിവസേന. യു.പി തിരഞ്ഞെടുപ്പില്‍ തങ്ങള്‍ തകര്‍ന്നടിയുമെന്ന് പൂര്‍ണബോധ്യമുള്ളതുകൊണ്ടാണ് ഇത്തരം തരംതാഴ്ന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തുന്നതെന്ന് ശിവസേന പറയുന്നു.

യു.പി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏകദേശം മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ മുഴുവനായും എത്തിക്കഴിഞ്ഞു. അഞ്ച് ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോഴേക്കും പാര്‍ട്ടി തകര്‍ന്നടിയുമെന്ന് അവര്‍ക്ക് ഉറപ്പായി. – ശിവസേന സാമ്‌നയിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

മിനിമം ഗവര്‍ണെന്റ് അല്ലെങ്കില്‍ മാക്‌സിമം ഗവര്‍മെന്റ് എന്ന മോദി നയത്തില്‍ തങ്ങള്‍ക്ക് എത്താനാവില്ലെന്ന് അവര്‍ മനസിലാക്കിക്കഴിഞ്ഞു. യു.പിയില്‍ തങ്ങി തിരഞ്ഞെടുപ്പ് ക്യാമ്പയിന് നേതൃത്വം നല്‍കിയ മന്ത്രിമാര്‍ക്ക് ജനം മറുപടി നല്‍കിക്കഴിഞ്ഞെന്നും ശിവസേന പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു യു.പി വോട്ട് ചെയ്യാനെത്തുന്ന ബുര്‍ഖാധാരികളായ സ്ത്രീകളെ വനിതാ പൊലീസിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തിവിടാന്‍ പാടുള്ളൂ എന്ന ആവശ്യവുമായി ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളുടെ എണ്ണം ഇവിടെ കൂടുതലാണെന്നും അതുകൊണ്ട് തന്നെ കള്ളവോട്ടിനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു ഇതിന്റെ ന്യായമായി ബി.ജെ.പി പറഞ്ഞത്.

അതേസമയം ബി.ജെ.പിയുടെ ഈ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ് ലീം സംഘനടകള്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ ഇത്തരമൊരു ആവശ്യം മുസ്‌ലീം സമൂഹത്തെ അപമാനിക്കുന്നതാണെന്നും ഇതുവഴി രാഷ്ട്രീയ ധ്രുവീകരണമാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്നും ഇവര്‍ പ്രതികരിച്ചിരുന്നു.

ഇതുവരെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ സമാധാനപരമായാണ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇതിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആറാം ഘട്ട വോട്ടെടുപ്പും ഏഴാം ഘട്ട വോട്ടെടുപ്പും നടക്കുന്നതിന് മുന്‍പായി ഇത്തരമൊരു ആവശ്യവുമായി ബി.ജെ.പി എത്തിയത് മതധ്രുവീകരണം ലക്ഷ്യം വെച്ച് മാത്രമാണെന്നും മഹിള മുസ്‌ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഷെയ്‌സ്ത അംബര്‍ പറഞ്ഞു. ബി.ജെ.പിയുടെ രോഗാതുരമായ മനോഭാവമാണ് ഇതിന് പിന്നിലെന്നും ഇവര്‍ പ്രതികരിച്ചു.