ന്യൂദല്‍ഹി:  എ.ബി.വി.പിയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സരിതാ സിങ്. ഭിന്നാഭിപ്രായങ്ങളെ അക്രമണം അഴിച്ചുവിട്ട് അടിച്ചമര്‍ത്തുകയാണെന്നും വിയോജിക്കാനുള്ള സ്വതന്ത്ര്യം ഇല്ലാതായെന്നും സരിതാ സിങ് പറഞ്ഞു.

ബി.ജെ.പിയുടെ ഗുണ്ടാപടയാണ് എ.ബി.വി.പിയെന്നും ഒരു എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍  ഗുജറാത്ത് വരെ പോയ ദല്‍ഹി പൊലീസിന് ഇതുവരെ ഒരു എ.ബി.വി.പി പ്രവര്‍ത്തകനെതിരെ കേസെടുക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നും എ.എ.പി നേതാവ് അതിഷി മര്‍ലേന.

ഗുര്‍മേഹറിനെതിരായ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പരാര്‍ശങ്ങളെയും മര്‍ലേന വിമര്‍ശിച്ചു. മറ്റുള്ളവരെ കയറി അടിക്കാന്‍ എ.ബി.വി.പിയുടെ മനസ് ആരാണ് അശുദ്ധമാക്കിയതെന്ന് മര്‍ലേന ചോദിച്ചു.


Read more:  ഇന്ത്യയിലെ രണ്ടുരണ്ടരക്കോടി സന്യാസിമാര്‍ക്ക് സ്മാരകം പണിയാന്‍ പോലും ഭൂമിയില്ല: മുസ്‌ലീങ്ങള്‍ ശവദാഹം നടത്തിയാല്‍ മതിയെന്ന് സാക്ഷി മഹാരാജ്


കഴിഞ്ഞ വര്‍ഷം പാട്യാലകോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ബി.ജെ.പി എം.എല്‍.എ ഒ.പി ശര്‍മ്മ അടക്കമുള്ളവര്‍ക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് ആം ആദ്മി പാര്‍ട്ടി ചാന്ദ്‌നി ചൗക്ക് എം.എല്‍.എ അല്‍ക്ക ലാംബ ചോദിച്ചു.

എ.ബി.വി.പിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തു വന്നിരുന്നു.