എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാളിനെതിരെ കിരണ്‍ബേദിയെ മത്സരിപ്പിയ്ക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതായി സൂചന
എഡിറ്റര്‍
Sunday 2nd March 2014 4:27pm

kiran-bedy

ന്യൂദല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയും ആം ആദ്മി പാര്‍ട്ടി അനുകൂലിയുമായിരുന്ന കിരണ്‍ബേദിയെ ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ മുഖ്യന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിപ്പിയ്ക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതായി സൂചന.

ബി.ജെ.പിയുമായി അടുത്ത വൃത്തങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടിരിയ്ക്കുന്നത്. കെജ്‌രിവാള്‍ ദല്‍ഹിയില്‍ മത്സരിയ്ക്കുകയാണെങ്കില്‍ ദല്‍ഹിയില്‍ കിരണ്‍ബേദിയെ തങ്ങളുടെ  സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് വിവരം.

അരവിന്ദ് കെജ്‌രിവാളിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്ന കിരണ്‍ ബേദി പിന്നീട് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ അനുകൂലിച്ച് സംസാരിയ്ക്കുകയും ചെയ്തിരുന്നു.

തന്റെ വോട്ട് മോഡിയ്ക്കാണെന്നും കിരണ്‍ബേദി വ്യക്തമാക്കിയിരുന്നു.

മോഡി ഗുജറാത്തില്‍ നല്ല വികസനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തത് ജനങ്ങള്‍ക്കിടയില്‍ വോട്ട് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാക്കിയിട്ടുണ്ടെന്നും കിരണ്‍ബേദി അഭിപ്രായപ്പെട്ടിരുന്നു.

അഴിമതിക്കെതിരായ സമരങ്ങളില്‍ അണ്ണാ ഹസാരെയ്ക്കും കെജ്‌രിവാളിനുമൊപ്പം കിരണ്‍ബേദി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കെജ്‌രിവാളുമായി ധാരണാ പിശക് വരികയായിരുന്നു.

Advertisement