ന്യൂദല്‍ഹി: വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകളെ ഗീതയും ഖുറാനുമായി കണ്ട ബി.ജെ.പി തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്ന് കോണ്‍ഗ്രസ്.

കോണ്‍ഗ്രസിനെതിരായ വെളിപ്പെടുത്തലുകള്‍ ശരിയെന്നും ബി.ജെ.പിയ്‌ക്കെതിരായ വെളിപ്പെടുത്തലുകള്‍ തെറ്റെന്നുമുള്ള നിലപാട് അംഗീകരിക്കാനാവില്ല. ബി.ജെ.പി മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് വിക്കിലീക്ക്‌സ് വെളിപ്പെടുത്തലിലൂടെ വ്യക്തമായതായും കോണ്‍ഗ്രസ് പറഞ്ഞു.

ബി.ജെ.പി ഹിന്ദുത്വ ദേശീയത എന്നത് വോട്ടിനുവേണ്ടിയുള്ള അവസരവാദ നിലപാട് മാത്രമാണെന്ന് ബി.ജെ.പി നേതാവ് അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞതായി വിക്കിലീക്ക്‌സ് വെളിപ്പെടുത്തിയിരുന്നു. 2005ല്‍ യു.എസ് നയതന്ത്ര ഉദ്യോഗ്‌സഥനായ റോബര്‍ട്ട് ബ്ലേക്കിനോട് ജെയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞു എന്നാണ് പുതിയ വെളിപ്പെടുത്തല്‍.

എല്‍.കെ അഡ്വാനി രണ്ടോ മൂന്നോ വര്‍ഷമേ നേതൃത്വത്തില്‍ തുടരൂ എന്നും ജെയ്റ്റ്‌ലി വ്യക്തമാക്കിയതായി ബ്ലേക്ക് പറയുന്നു. ഇന്ത്യ-യു.എസ് ബന്ധത്തിന് പുതിയ തുടക്കമിട്ട ബി.ജെ.പിയുടെ മുഖ്യമന്ത്രിയായ നരേന്ദ്രമോഡിക്ക് യു.എസ് വിസ നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞതായി ബ്ലേക്കിന്റെ റിപ്പോര്‍ട്ടിലുണ്ട്.