കൊല്‍ക്കത്ത: ബി.ജെ.പി ദേശീയ നേതൃത്വത്തിലെ മൂന്ന് എം.പിമാരെ പശ്ചിമബംഗാളില്‍ അറസ്റ്റില്‍. എം.പിമാരായ മീനാക്ഷി ലേഖി, ഓം മാതൂര്‍, സത്യപാല്‍ സിങ് എന്നിവരെയാണ് ബസിര്‍ഹത്തിലേക്കുള്ള യാത്രാ മധ്യേ അറസ്റ്റ് ചെയ്തത്.

ഈയാഴ്ച്ച വംശീയ ലഹള നടന്ന ബസിര്‍ഹത് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മീനാക്ഷി ലേഖിക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവ് പോലീസ് പുറത്തിറക്കിയിരുന്നു. ഇത് മറികടന്നുകൊണ്ടായിരുന്നു മേഖല സന്ദര്‍ശിക്കനായി ഇവര്‍ എത്തിയത്.

വെള്ളിയാഴ്ച്ച കോണ്‍ഗ്രസ്സ്, സി.പി.ഐ.എം നേതാക്കളെ അക്രമബാധിത പ്രദേശങ്ങളില്‍ പ്രവേശിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞിരുന്നു. പ്രതിപക്ഷ നേതാക്കളോട് പ്രദേശം സന്ദര്‍ശിക്കരുതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.


Dont Miss ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ വ്യാപാരിയെ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ ; ഗൂഢാലോചന നടത്തിയത് ബി.ജെ.പി ജില്ലാനേതാവിന്റെ നേതൃത്വത്തിലെന്ന് പൊലീസ്


ഡംഡം വിമാനത്താവളത്തിന് സമീപമുള്ള മൈക്കിള്‍ നഗറിലാണ് ഇവരെ പോലീസ് തടഞ്ഞു നിര്‍ത്തിയത്. വെള്ളിയാഴ്ച്ച ബി.ജെ.പിയുടെ സംസ്ഥാന നേതാവിനെ ഇതേ സ്ഥലത്ത് പോലീസ് തടഞ്ഞു വെച്ചിരുന്നു.

ബസിര്‍ഹത്തിലുണ്ടായ വംശീയ കലാപത്തിനെതിരെ ബിജെപി കൊല്‍ക്കത്തയില്‍ ശനയാഴ്ച്ച റാലി നടത്തിയിരുന്നു.

ആരൊക്കെ തടഞ്ഞാലും തങ്ങള്‍ ബസിര്‍ഹത്തില്‍ പോയി അവിടുത്തെ ജനങ്ങളോട് സംസാരിക്കുമെന്നും പ്രദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ദിമുട്ടുകള്‍ ഞങ്ങള്‍ ചോദിച്ച് മനസ്സിലാക്കുമെന്നും മീനാക്ഷി ലേഖി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കലാപം നടത്തിയത് പുറത്തുനിന്നെത്തിയ ഗുണ്ടകളാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

ബസിര്‍ഹത്, ബദൂരിയ, ദേഗാങ്ക എന്നിങ്ങനെയുള്ള ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളെയാണ് കലാപം കാര്യമായി ബാധിച്ചത്.
വാഹനങ്ങളുടം കടകളും വീടുകളും ആള്‍ക്കൂട്ടം തീയിട്ട് നശിപ്പിച്ചിരുന്നു.