എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചു; മോദിക്കെതിരായ വിമര്‍ശനത്തിന് പിന്നാലെ പാര്‍ട്ടിയെ വിമര്‍ശിച്ച് ബി.ജെ.പി എം.പി
എഡിറ്റര്‍
Thursday 14th September 2017 9:53am

മുംബൈ: ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇഷ്ടമല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി എം.പി നാന പടോള്‍.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കര്‍ഷക ആത്മഹത്യകളുടെ എണ്ണം കൂടിയെന്നും മഹാരാഷ്ട്രയില്‍ ദേവന്ദ്രഫട്‌നാവിസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നിരവധി കര്‍ഷകരാണ് ജീവന്‍ ത്യജിക്കേണ്ടി വന്നതെന്നും നാനാ പടോള്‍ പറയുന്നു.

‘മഹാരാഷ്ട്രയില്‍ നേരത്തെയും കര്‍ഷക ആത്മഹത്യകള്‍ നടന്നിരുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കര്‍ഷക ആത്മഹത്യയുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ‘-ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവേയായിരുന്നു പടോള്‍ നിലപാട് വ്യക്തമാക്കിയത്.


Dont Miss വീണ്ടും ഹിന്ദു ജാഗരണ്‍ വേദിക്കിന്റെ സദാചാര പൊലീസിങ്; വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി


‘അധികാരത്തിലെത്തിയ ശേഷം നിലപാട് മാറ്റുന്ന നേതാക്കളെ കുറിച്ച് ജനം മനസിലാക്കണം. മുഖ്യമന്ത്രി എന്റെ സുഹൃത്താണ്. എന്റെ സുഹൃത്ത് ഒരു സംസ്ഥാനത്തിന്റെ അധികാര സ്ഥാനത്തിരിക്കുന്നു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ഒരു അബദ്ധം പറ്റുമ്പോള്‍ ഒരു സുഹൃത്തെന്ന നിലയില്‍ അത് ചൂണ്ടിക്കാട്ടേണ്ട ബാധ്യത എനിക്കുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാകണമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. എല്ലാ കര്‍ഷകരുടേയും കടങ്ങള്‍ എഴുതിത്തളണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഞാനും അംഗീകരിക്കുന്നു’- പടോള്‍ പറയുന്നു.

നേരത്തെ ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ കര്‍ഷക ആത്മഹത്യയെക്കുറിച്ചും ഒ.ബി.സി മന്ത്രാലയത്തെക്കുറിച്ചും ചോദ്യമുയര്‍ത്തിയപ്പോള്‍ മോദി തന്നോട് രോഷാകുലനായിട്ടുണ്ടെന്ന് പടോള്‍ വ്യക്തമാക്കിയിരുന്നു.

‘മോദിയ്ക്ക് ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഇഷ്ടമല്ല. ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ കര്‍ഷക ആത്മഹത്യയെക്കുറിച്ചും ഒ.ബി.സി മന്ത്രാലയത്തെക്കുറിച്ചും ചില പ്രശ്നങ്ങള്‍ ഞാനുയര്‍ത്തിയപ്പോള്‍ അദ്ദേഹം എന്നോട് രോഷാകുലനായി. മോദിയോട് ചോദ്യം ചോദിക്കുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേ, വിവിധ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയില്ലേയെന്ന് അദ്ദേഹം നമ്മളോട് ചോദിക്കുകയാണ് ചെയ്യുക’ – എന്നായിരുന്നു പടോളിന്റെ വാക്കുകള്‍.

‘മോദി പാര്‍ട്ടി എം.പിമാരെ ഇടയ്ക്കിടെ കാണും. പക്ഷേ അദ്ദേഹത്തിന് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇഷ്ടമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Advertisement