ന്യൂദല്‍ഹി: കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാറിനും സി.പി.ഐ.എമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി എം.പി മീനാക്ഷി ലേഖി ലോക്‌സഭയില്‍. ‘ദൈവത്തിന്റെ സ്വന്തം നാടായ കേരളം, ‘ദൈവം കൈവിട്ട നാടാ’യി അധഃപതിച്ചെന്നാണ് അവര്‍ പറഞ്ഞത്.

രാഷ്ട്രീയ എതിരാളികളെ ‘താലിബാന്‍ ശൈലി’യില്‍ കൊലപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. അടുത്തിടെ കേരളത്തില്‍ കൊല്ലപ്പെട്ട രാജേഷിന്റെ ശരീരത്തില്‍ 80ലധികം വെട്ടുകളേറ്റിരുന്നു. അദ്ദേഹത്തിന്റെ കൈകള്‍ വെട്ടിമാറ്റപ്പെട്ടു. ആര്‍.എസ്.എസ്, ബി.ജെ.പി പശ്ചാത്തലമുള്ള കുടുംബങ്ങളില്‍നിന്നുള്ള ഏഴു കുട്ടികളെയും അക്രമികള്‍ ലക്ഷ്യമിട്ടതായി മീനാക്ഷി ലേഖി ആരോപിച്ചു.


Must Read:  മികച്ച മാര്‍ക്കുനേടാന്‍ ശിവലിംഗം നിര്‍മ്മിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍: പ്രതിഷേധിച്ച മുസ്‌ലിം വിദ്യാര്‍ഥികളെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടു


‘അസഹിഷ്ണുതയേയും ജനാധിപത്യത്തേയും കുറിച്ച് ക്ലാസുകള്‍ എടുക്കുന്നവര്‍ക്ക് ജനാധിപത്യത്തിലെ വിഭിന്ന പ്രത്യയശാസ്ത്രങ്ങളെ വെച്ചുപൊറുപ്പിക്കാനാവുന്നില്ല’ കേരളത്തെ വിമര്‍ശിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

ശൂന്യവേളയില്‍ കേരളത്തില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മീനാക്ഷി ലേഖിയുടെ ആരോപണം. കോണ്‍ഗ്രസ്, സിപിഐ, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പോലും ആക്രമണങ്ങള്‍ക്ക് ഇരകളാവുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കേരളത്തില്‍ കൊല്ലപ്പെട്ട 14 ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പേരും അവര്‍ ലോക്‌സഭയില്‍ വായിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

‘ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നു. എന്നാല്‍ മറ്റുള്ളവര്‍ അതുപോലും ചെയ്യുന്നില്ല. രാഷ്ട്രീയം കൊല്ലാനുള്ള ലൈസന്‍സ് അല്ല.’ അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, കഴിഞ്ഞ 17 മാസത്തിനിടെ 17 ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതായി മറ്റൊരു ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് സി.ബി.ഐയോ ദേശീയ അന്വേഷണ ഏജന്‍സിയോ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.