ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയ പരിശോധന നടത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ സമ്മതിക്കാതെ ബി.ജെ.പി എം.എല്‍.എമാര്‍. സഞ്ജീവ് രാജ, അനില്‍ പരാശര്‍ എന്ന രണ്ടു എം.എല്‍.എമാരാണ് ദമ്പതികളായ ഡോക്ടര്‍മാരുടെ അറസ്റ്റിന് തടസം നില്‍ക്കുന്നത്.

ആശുപത്രിയിലെ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്‍ ജപ്തി ചെയ്യാനുള്ള അധികൃതരുടെ ശ്രമവും എം.എല്‍.എമാര്‍ ഇടപെട്ട് തടഞ്ഞു. അലിഗഢ് സ്വദേശികളായ ഡോക്ടര്‍ ജയന്ത് ശര്‍മ്മയും ഭാര്യയും നടത്തുന്ന ജീവന്‍ നേഴ്സിങ്ങ് ഹോമിലാണ് അനധികൃതമായി ലിംഗപരിശോധന നടത്തിയത്.

Subscribe Us:

Also Read: മുദ്രാ വായ്പ നല്‍കാമെന്നു പറഞ്ഞ് ജനരക്ഷായാത്രയിലേക്ക് ക്ഷണിച്ചു; ഭക്ഷണപ്പൊതി നല്‍കി മടക്കി


രാജസ്ഥാന്‍ പ്രീ കണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീ-നാറ്റല്‍ ഡയഗനോസ്റ്റിക് സെല്‍ ആണ് നഴ്സിങ് ഹോമില്‍ നടക്കുന്ന അനധികൃത ലിംഗനിര്‍ണയ പരിശോധന കണ്ടു പിടിച്ചത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്താന്‍ വന്ന യുവതിയെ പിന്തുടര്‍ന്ന അധികൃതര്‍ ഡോക്ടര്‍ ദമ്പതികളെ കസ്റ്റഡിയിലെടുക്കുമ്പോഴാണ് എം.എല്‍.എമാര്‍ ഇടപെട്ട് തടഞ്ഞത്.

എം.എല്‍.എമാരെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചെങ്കിലും ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് അലിഗഢിലെ ജില്ലാ മജിസ്‌ട്രേറ്റ് ഭാസ്‌കര്‍ യശോദിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഡോക്ടര്‍ ജയന്ത് ശര്‍മ്മ ആരോപണത്തെ നിഷേധിച്ചിട്ടുണ്ട്. പ്രീ കോണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീ-നാറ്റല്‍ ഡയഗനോസ്റ്റിക് സെല്‍ ഉദ്യോഗസ്ഥര്‍ ബലമായി ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതിനാലാണ് തടഞ്ഞതെന്നാണ് ജയന്ത് ശര്‍മ്മയുടെ വാദം