എഡിറ്റര്‍
എഡിറ്റര്‍
‘പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ ഉണരണം; ഗുജറാത്തിലെ ഹിന്ദുക്കളെ പോലെ മറുപടി നല്‍കണം’; വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി എം.എല്‍.എ, വീഡിയോ
എഡിറ്റര്‍
Sunday 9th July 2017 2:49pm

ഹൈദരാബാദ്: പശ്ചിമബംഗാളിലെ ബാസിര്‍ഘട്ട് ഇനിയും ശാന്തമായിട്ടില്ല. ഇതിനിടെ കലാപത്തെ കൂടുതല്‍ ചൂടുപിടിപ്പിക്കാന്‍ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ രംഗത്തെത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ ഉണരണമെന്നും 2002 ല്‍ ഗുജറാത്തില്‍ ഹിന്ദുക്കള്‍ മറുപടി നല്‍കിയപോലെ അവിടെയും മറുപടി നല്‍കണമെന്നുമാണ് ഗൊസാമഗല്‍ മണ്ഡലത്തിലെ എം.എല്‍.എയായ ടി രാജാ സിംഗ് പറഞ്ഞത്. വീഡിയോയിലൂടെയായിരുന്നു ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്.

ഇന്ന് പശ്ചിമബംഗാളില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ല, ഗുജറാത്തിലെ പോലെ ബംഗാളിലെ ഹിന്ദുക്കളും പ്രതികരിക്കണം, അല്ലാത്തപക്ഷം ബംഗാള്‍ ബംഗ്ലാദേശായി മാറുമെന്നാണ് സിംഗ് പറഞ്ഞത്. വര്‍ഗ്ഗീയത നടത്തുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ബി.ജെ.പി എം.എല്‍.എ ആരോപിച്ചു.

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മുമ്പും വാര്‍ത്തകളില്‍ രാജാസിംഗ് ഇടം പിടിച്ചിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന സിംഗിന്റെ പരാമര്‍ശം വിവാദമായിരുന്നു.


Also Read:  നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനായി കൊണ്ടുപോയ മാലിന്യം പിടിച്ചെടുത്ത് കമ്പനിക്ക് മുന്‍പില്‍ തുറന്ന് വിട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍


ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ അവസ്ഥയെന്ന് പറഞ്ഞ് ബോജ്പൂരി സിനിമയിലെ രംഗം പുറത്തു വിട്ടതിന് ബി.ജെ.പി വനിത നേതാവിനെ കഴിഞ്ഞ ദിവസമാണ് കല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. അതിനു പിന്നാലെയാണ് വര്‍ഗ്ഗീയത വളര്‍ത്താനുള്ള ബി.ജെ.പിയുടെ പുതിയ ശ്രമം.

മതവിദ്വേഷം കലര്‍ന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ സംഘര്‍ഷം തുടരുകയാണ്. 17 വയസുകാരനായ വിദ്യാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിന് കാരണം. വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തെങ്കിലും കൊല്‍ക്കത്തയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ബദുരെ നഗരത്തില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. നഗരത്തിലെ റോഡുകള്‍ ബ്ലോക്ക് ചെയ്ത അക്രമികള്‍, നിരവധി പേരെ അക്രമിക്കുകയും കടകമ്പോളങ്ങള്‍ തകര്‍ത്തതായും പൊലീസ് പറഞ്ഞു.

Advertisement