എഡിറ്റര്‍
എഡിറ്റര്‍
വിവരാവകാശ പ്രവര്‍ത്തകന്റെ വധം: ബി.ജെ.പി എം.പി അറസ്റ്റില്‍
എഡിറ്റര്‍
Wednesday 6th November 2013 1:14am

solanki

അഹമ്മദാബാദ്: വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗുജറാത്ത് എം.പി ദിനു ബോഘ സോളങ്കിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

ജുനഹട്ടിലെ വിവരാവകാശ പ്രവര്‍ത്തകനായ അമിത് ജെത്വയുടെ കൊലപാതകക്കേസിലാണ് സോളങ്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഗിര്‍ വനത്തിലെ അനധികൃത ഖനനത്തിനെതിരെ നിരന്തരം പോരാടിയിരുന്ന വ്യക്തിയായിരുന്നു അമിത്.

ചൊവ്വാഴ്ച്ച രാവിലെ മുതല്‍ സി.ബി.ഐ ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു സോളങ്കിയുടെ അറസ്റ്റ്. ബുധനാഴ്ച്ച സോളങ്കിയെ കോടതിയില്‍ ഹാജരാക്കുമെന്ന് സി.ബി.ഐ വക്താവ് അറിയിച്ചു.

ഗിര്‍ മേഖലയിലെ അനധികൃത ഖനനത്തിനെതിരെ കോടതിയില്‍ അമിത് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായവരാണ് 2010 ജൂലൈ 20 ന് ഹൈക്കോടതി പരിസരത്ത് വച്ച് അമിതിനെ വെടിയുതിര്‍ത്ത് കൊന്നത്.

കേസുമായി ബന്ധപ്പെട്ട് ദിനു സോളങ്കിയുടെ അനന്തരവന്‍ ശിവ സോളങ്കിയുള്‍പ്പെടെയുള്ളവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ദിനു സോളങ്കിയെ കുറ്റവിമുക്തനാക്കിയ ഗുജറാത്ത് പോലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അമിതിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിനെത്തുടര്‍ന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.

Advertisement