ജയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പി തോറ്റതിന് പിന്നിലെ കാരണം മുഖ്യമന്ത്രി വസുന്ധര രാജെയാണെന്ന് ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവും പ്രവര്‍ത്തകനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് രാജസ്ഥാനില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

നേരത്തെ മുഖ്യന്ത്രിയെ മാറ്റാതെ രാജസ്ഥാനിലെ ബി.ജെ.പിയ്ക്ക് രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഡിയോ ക്ലിപ്പ് ലീക്കായത്.

ബി.ജെ.പിയുടെ അല്‍വര്‍ നിയമസഭാംഗം ഗ്യാന്‍ ദേവ് അഹൂജയുമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ നടത്തുന്ന ഫോണ്‍കോളാണ് പുറത്തായതെന്നാണ് വിവരം. ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് അല്‍വര്‍. 2014ല്‍ 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ആല്‍വാര്‍ മണ്ഡലത്തില്‍ ഇത്തവണ രണ്ട് ലക്ഷത്തോളം വോട്ടിനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.

‘എന്താണോ വിതച്ചത് അത് കൊയ്യും’ എന്ന അഹൂജയുടെ പുറത്തായ ഓഡിയോ ക്ലിപ്പിലെ വാക്കുകളാണ് വൈറലാകുന്നത്. വസുന്ധര രാജെ മുഖ്യമന്ത്രിയായി തുടരുന്നതില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് ഇതിനോടകം തന്നെ ചില പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത് സര്‍ക്കാരിന്റെ പരാജയമാണെന്നും അല്ലാതെ പാര്‍ട്ടിയുടേതല്ലെന്ന് അഹൂജ ഓഡിയോയില്‍ പറയുന്നു.

ഉപതിരഞ്ഞെടുപ്പിലെ ഫലം എന്താകുമെന്ന് താന്‍ നേരത്തെ പ്രവചിച്ചതാണെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ രാജസ്ഥാനിലെ നേതൃത്വത്തെ മാറ്റണമെന്ന് താന്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതായും ഓഡിയോ ക്ലിപ്പില്‍ അഹൂജ പറയുന്നുണ്ട്. അതേസമയം, സംഭവത്തെ കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാന്‍ അഹൂജ തയ്യാറായില്ല.