ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുന്നയിച്ച ജഡ്ജിമാരെ പിന്തുണച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

‘ജഡ്ജിമാരുടെ ചില പ്രസ്താവനകള്‍ കാണാനിടയായി. നാലു ജഡ്ജിമാരെയും പിന്തുണയ്ക്കുന്നു. അവരെ വിമര്‍ശിക്കുന്നതിനു പകരം അവര്‍ മുന്നോട്ടു വെച്ച പ്രശ്‌നത്തിലാണ് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പരമോന്നത നീതി പീഠം വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ അത് ജനാധിപത്യത്തിന് വളരെയധികം അപകടകരമാണെന്നായിരുന്നു’ യശ്വന്ത് സിന്‍ഹ  ട്വിറ്ററില്‍ കുറിച്ചത്.

കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു മുതിര്‍ന്ന ജസ്റ്റിസുമാരാണ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്.

ജഡ്ജിമാരുടെ നടപടി ഒഴിവാക്കാമായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും വിഷയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര നിയമ മന്ത്രി പി.പി ചൗധരിയും നേരത്തെ വ്യക്തമാക്കിയിരുന്നു.