എഡിറ്റര്‍
എഡിറ്റര്‍
‘പത്മാവതിയ്ക്ക് ദുബായ് ഫണ്ട്’ പ്രധാനമന്ത്രി അന്വേഷിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം
എഡിറ്റര്‍
Tuesday 28th November 2017 11:28am

 

ന്യൂദല്‍ഹി:   സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി സിനിമയ്ക്ക് ദുബായില്‍ നിന്നും ഹവാല ഫണ്ട് കിട്ടിയിട്ടുണ്ടെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണം നടത്തണമെന്ന് ബി.ജെ.പി നേതാവും സെന്‍സര്‍ ബോര്‍ഡ് അംഗവുമായ അര്‍ജുന്‍ ഗുപ്ത.

സി.ബി.എഫ്.സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) യുടെ അനുമതിയില്ലാതെ ചിത്രം എങ്ങനെയാണ് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയെന്നും ഗുപ്ത ചോദിച്ചു.

സഞ്ജയ് ലീലാ ബന്‍സാലിയെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന് പറഞ്ഞിരുന്ന അര്‍ജുന്‍ ഗുപ്ത പത്മാവതിക്കെതിരെ മുന്‍നിരയിലുണ്ടായിരുന്നു. ബന്‍സാലിക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ തുടര്‍ന്നും പദ്മാവതി പോലുള്ള സിനിമകളെടുക്കുമെന്നും അത്കൊണ്ട് നടപടിയെടുക്കാന്‍ അഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അര്‍ജുന്‍ ഗുപ്ത പറഞ്ഞിരുന്നു.

ബ്രിട്ടനില്‍ പാരമൗണ്ട് പിക്‌ചേഴ്‌സാണ് പത്മാവതിയുടെ വിതരണക്കാര്‍. ഇന്ത്യയിലെ വിവാദങ്ങള്‍ കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസിങ് വൈകിപ്പിക്കുമെന്ന് ബി.ബി.എഫ്.സി അറിയിച്ചിരുന്നു. ഡിസംബര്‍ ഒന്നിനാണ് ഇന്ത്യയിലെ റിലീസിങ് നേരത്തെ നിശ്ചയിച്ചിരുന്നത്.

ഹിന്ദു രജ്പുത് രാജകുമാരിയായ പദ്മാവതിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ. ഇതാണ് വിവാദത്തിന് കാരണമായത്.

ചിത്രം രജപുത്ര സംസ്‌ക്കാരത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന രണ്ടുതവണ ഷൂട്ടിംഗ് സെറ്റ് ആക്രമിച്ചിരുന്നു. ആദ്യം രാജസ്ഥാനില്‍ വച്ച് സംവിധായകന്‍ ബന്‍സാലിയെ ആക്രമിക്കുകയും സെറ്റ് അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പിന്നീട് കോലാപ്പൂരില്‍ 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരുന്ന സെറ്റും പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു.

Advertisement