എഡിറ്റര്‍
എഡിറ്റര്‍
എനിയ്‌ക്കൊന്നും അറിയില്ല; ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കോഴ വിവാദത്തില്‍ ശോഭാ സുരേന്ദ്രന്‍
എഡിറ്റര്‍
Thursday 20th July 2017 12:40pm

കൊച്ചി: ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ടെ മെഡിക്കല്‍ കോളജ് കോഴ വിവാദത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.

ഇങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി അംഗമായ തനിക്കറിയില്ല. മാധ്യമങ്ങളില്‍ നിന്നാണ് ഇത്തരമൊരു കോഴ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.


Dont Miss കൈക്കൂലി എന്നല്ല ഹസ്തവേതന ദക്ഷിണ എന്നാണ് ആര്‍ഷ ഫാരതത്തിലും ഹിന്ദുസ്ഥാനിലും പറയേണ്ടത്; ബി.ജെ.പിയെ ട്രോളി വി.ടി ബല്‍റാം


അഴിമിതി വിരുദ്ധ പ്രതിച്ഛായയാണ് ദേശീയതലത്തിലും സംസ്ഥാന തലത്തിലും പാര്‍ട്ടിക്കുള്ളത്. അതു തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ കാര്യം വെള്ളിയാഴ്ച നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

മാധ്യമങ്ങളില്‍ ഇത്തരമൊരു ചര്‍ച്ച നടക്കുന്നത് ബോധപൂര്‍വമാണോയെന്ന് പാര്‍ട്ടി അന്വേഷിക്കും. വാര്‍ത്തകളില്‍ പറയുംപോലെ കോഴ വാങ്ങിയതായി ആരെങ്കിലും സമ്മതിച്ചിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല.

ബി.ജെ.പി നേതാക്കള്‍ ഒന്നില്‍നിന്നും ഒളിച്ചോടുന്നില്ല. ഇത്തരമൊരു കമ്മിഷനെ നിയോഗിക്കുന്ന പതിവ് പാര്‍ട്ടിയിലുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കോര്‍ കമ്മിറ്റിയാണ് ചര്‍ച്ച ചെയ്യേണ്ടത്. അങ്ങനെ ചര്‍ച്ച ചെയ്യാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച് പൊതുമധ്യത്തില്‍ ്അഭിപ്രായം പറയാനാവില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാന്‍ ബി.ജെ.പി നേതാവ് 5.6 കോടി രൂപ കൈപ്പറ്റിയ അന്വേഷണ റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഓഫീസില്‍ നിന്നാണ് ചോര്‍ന്നത്.

സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളേജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്.

വര്‍ക്കലയിലെ എസ്.ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍. എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരടങ്ങുന്ന അന്വേഷണകമ്മിഷന്‍ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Advertisement