എഡിറ്റര്‍
എഡിറ്റര്‍
പീഡനത്തിന് കാരണം സ്ത്രീകളുടെ അതിര് കടന്ന പെരുമാറ്റം: ബി.ജെ.പി നേതാവ്
എഡിറ്റര്‍
Friday 4th January 2013 11:55am

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതരെയുള്ള അക്രമങ്ങള്‍ക്കെതിരെ ജനരോഷം ആളിക്കത്തുന്ന സാഹചര്യത്തില്‍ വിചിത്ര പരാമര്‍ശം നടത്തി വെട്ടിലായിരിക്കുകയാണ് മധ്യപ്രദേശിലെ ബി.ജെ.പി നേതാവ്. സത്രീകള്‍ അതിര് കടന്നാല്‍ അതിനുള്ള ശിക്ഷ അവര്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ബി.ജെ.പി വിജയ് വര്‍ജിയയുടെ പരമാര്‍ശം.

Ads By Google

‘രാമായണത്തിലെ പരാമര്‍ശം ഉദ്ദരിച്ചായിരുന്നു നേതാവിന്റെ പ്രസ്താവന. ലക്ഷ്മണിന്റെ നിര്‍ദേശം ധിക്കരിച്ച് ലക്ഷ്മണരേഖ മറികടന്ന സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയത് പോലെ ഏതെങ്കിലും സ്ത്രീ അതിര് കടന്നാല്‍ അതിനുള്ള വില അവള്‍ നല്‍കേണ്ടി വരും’ ഇതായിരുന്നു നേതാവിന്റെ പരാമര്‍ശം.

ഇതുകൂടാതെ സമാനരീതിയിലുള്ള പരാമര്‍ശവുമായി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതും രംഗത്തെത്തിയിട്ടുണ്ട്. ‘സ്ത്രീ പീഡനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നുമായിരുന്നു ഭഗവതിന്റെ പരാമര്‍ശം. അതായത് ഇന്ത്യയിലെ നഗരങ്ങളിലാണെന്നും ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നടക്കുന്നില്ലെന്നുമാണ് മോഹന്‍ ഭഗവത് പറഞ്ഞത്.

പാശ്ചാത്യ സംസ്‌കാരം അനുകരിക്കാനുള്ള ആധുനിക ഇന്ത്യയുടെ വെപ്രാളത്തിന്റെ ഫലമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെന്നും ഭഗവത് പറയുന്നു. ഇരുവരുടേയും പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്.

അതേസമയം, മോഹന്‍ ഭഗവതിന്റെ പരാമര്‍ശം ശരിയായ രീതിയിലാണെന്നാണ് ആര്‍.എസ്.എസ് വാക്താവ് രാം മാധവ് നല്‍കുന്ന വിശദീകരണം. ഭാരത സംസ്‌കാരത്തില്‍ സ്ത്രീകള്‍ക്ക് ഏറെ ബഹുമാനം നല്‍കുന്നുണ്ടെന്നും സംസ്‌കാരത്തില്‍ നിന്ന്് പിറകോട്ട് പോകുന്നതാണ് ഇത്തരം അക്രമത്തിന് കാരണമെന്നും രാം മാധവ് പറഞ്ഞു. ഭഗവതിന്റെ പരാമര്‍ശത്തിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ സമൂഹത്തിലെ മുന്‍ നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പകരം അവരെ അടിച്ചമര്‍ത്തുന്ന സമീപനമാണ് രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ പ്രതികരിച്ചു.

രാജ്യത്തെ രണ്ടായി വിഭജിക്കുന്നതിന് പകരം, ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കൂടി മനസ്സിലാക്കാന്‍ മോഹന്‍ ഭഗവത് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കണമെന്നും മമത ശര്‍മ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള നേതാക്കളുടെ പരാമര്‍ശം ഇതാദ്യമായല്ല. രാജ്യം മുഴുവന്‍ സത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങളുമായി നേരത്തേ രംഗത്തെത്തിയിരുന്നു.

Advertisement