Categories

ബി.ജെ.പി നേതാവ് മുണ്ടെ കോണ്‍ഗ്രസിലേക്ക്?

ന്യൂദല്‍ഹി: ബി.ജെ.പിയുടെ ലോക്‌സഭാ ഡപ്യൂട്ടി നേതാവ് ഗോപിനാഥ് മുണ്ടെ കോണ്‍ഗ്രസിലേക്ക് പോകാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ മുന്നോടിയായി അദ്ദേഹമിന്ന് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ മുണ്ടെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. താനിപ്പോഴും ബി.ജെ.പിയില്‍ തന്നെയാണുള്ളതെന്നും കോണ്‍ഗ്രസിലേക്ക് ചേരണമെന്നാവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാത്രി ദല്‍ഹിയിലെത്തിയ മുണ്ടെയുമായി ബി.ജെ.പി നേതാവ് സുഷമ സ്വരാജ്, എല്‍.കെ അദ്വാനി തുടങ്ങിയവര്‍ കൂടിക്കാഴ്ച നടത്തും. മുണ്ടെയെ അനുനയിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശം.

അതേസമയം മുണ്ടെ ഇന്ന് വൈകുന്നേരം സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. മുണ്ടെയെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെയും, കോണ്‍ഗ്രസ് നേതാവ് മാണിക്‌റാവൂ താക്കറെയും ഹൈക്കമാന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിവിധ കോണ്‍ഗ്രസ് നേതാക്കളുമായി മുണ്ടെ ചര്‍ച്ച നടത്തിയിരുന്നു. തനിക്കും തന്റെ ഗ്രൂപ്പിലുള്ള രണ്ട് പേര്‍ക്കും ക്യാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാന്‍ തയ്യാറാണെങ്കില്‍ കോണ്‍ഗ്രസിലേക്ക് വരാമെന്നാണ് മുണ്ടെ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.