കാസര്‍ഗോഡ്: ബി.ജെ.പി കാസര്‍ഗോഡ് ജില്ലാ കമ്മറ്റി വിഭാഗീയതയെ തുടര്‍ന്ന് പിരിച്ചുവിട്ടു. ജില്ലാ പ്രസിഡണ്ട് എം.നാരായണഭട്ടിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലുണ്ടായ തോല്‍വിയും വിഭാഗീയതയുമാണ് ഇത്തരമൊരു നടപടിയെടുക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനാണ് പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം ബി.ജെ.പി ഏറെ പ്രതീക്ഷയര്‍പ്പിച്ച മണ്ഡലമായിരുന്നു. പാര്‍ട്ടിക്കകത്തുള്ള കടുത്ത വിഭാഗീയതീയാണ് തോല്‍വിക്ക് കാരണമായതെന്ന് രണ്ടംഗ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബി.ജെ.പി ദേശീയ കമ്മിറ്റി അംഗമായ മടിക്കൈ കമ്മാരന്‍ യു.ഡി.എഫുമായി സഹകരിച്ചിരുന്നതായി കമ്മീഷന്‍ കണ്ടെത്തിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ ജില്ലാ പ്രസിഡണ്ട് നാരായണഭട്ടും വി.രവീന്ദ്രനും വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നും കമ്മീഷന്‍ കുറ്റപ്പെചുത്തുന്നുണ്ട്. ജില്ലയുടെ താത്കാലിക ചുമതല കെ.സുരേന്ദ്രനാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്കുകള്‍ സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ജില്ലാ നേതൃത്വത്തിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഇറക്കുന്നതായും ജില്ലാ നേതാക്കള്‍ കഴിഞ്ഞ ദിവസം നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.