എഡിറ്റര്‍
എഡിറ്റര്‍
വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി ഐ.ടി സെല്‍ സെക്രട്ടറി അറസ്റ്റില്‍
എഡിറ്റര്‍
Wednesday 12th July 2017 11:43am

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കലാപവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി ഐ.ടി സെല്‍ സെക്രട്ടറി അറസ്റ്റില്‍. പശ്ചിമബംഗാളിലെ അസന്‍സോളിലെ ബി.ജെ.പി ഐ.ടി സെല്‍ സെക്രട്ടറി തരുണ്‍ സെന്‍ഗുപ്തയാണ് അറസ്റ്റിലായത്.

വര്‍ഗീയ സംഘര്‍ഷം വ്യാപിപ്പിക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചതിനാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് ഐ.പി.എസ് ഓഫീസര്‍ ഒരാളെ മര്‍ദ്ദിക്കുന്ന വീഡിയോ അപ്ലോഡ് ചെയ്തുകൊണ്ട് ഹനുമാന്‍ ജയന്തി ആഘോഷിക്കുന്നയാളെ പൊലീസ് മര്‍ദ്ദിക്കുന്നു എന്നു തരത്തില്‍ പ്രചരിപ്പിച്ചിരുന്നു. ഇതാണ് അറസ്റ്റിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

കലാപവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ നടിപടി നേരിടുന്ന മൂന്നാമത്തെ വ്യക്തിയാണ് സെന്‍ഗുപ്ത. നേരത്തെ ദല്‍ഹിയിലെ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടാതെ സോനാപൂരില്‍ നിന്നും ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

ബംഗാളിലെ വര്‍ഗീയ കലാപം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബി.ജെ.പി തെറ്റിദ്ധരിപ്പിക്കുന്ന, വ്യാജ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാപകമായ പ്രചരണം നടത്തുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു.

‘രാഷ്ട്രീയ നേട്ടം ലക്ഷ്യമിച്ച് വ്യാജ ചിത്രങ്ങളും വ്യാജവാര്‍ത്തകളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്ന ബി.ജെ.പിയുടെ പ്രവൃത്തിയെ ബംഗാളിലെ ജനത അംഗീകരിക്കില്ല.’ എന്നും മമതാ ബാനര്‍ജി പറഞ്ഞിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങള്‍ ബംഗാളിലെ കലാപത്തിന്റേതെന്ന തരത്തില്‍ പ്രചരിപ്പിച്ചതിനാണ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ കേസെടുത്തത്.

ഭോജ്പുരി സിനിമയിലെ ചിത്രം കലാപത്തിന്റേതെന്ന തരത്തില്‍ പ്രചരിപ്പിച്ചതിനാണ് സോനാപൂരില്‍ ഒരാളെ അറസ്റ്റു ചെയ്തത്. ഒരു സ്ത്രീയെ ഒരുകൂട്ടമാളുകള്‍ വസ്ത്രമുരിഞ്ഞ് അധിക്ഷേപിക്കു്‌നതായിരുന്നു ചിത്രം.

Advertisement