കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. ബി.ജെ.പിയുടെ പാര്‍ട്ടി ഓഫീസിന് നേരെ കല്ലേറ് നടത്തിയെന്നാരോപിച്ചാണ് ബി.ജെ.പിയുടെ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട ആറ് വരെയാണ് ഹര്‍ത്താല്‍.

സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് സി.പി.ഐ.എം ഹര്‍ത്താല്‍ നടന്നുകൊണ്ടിരിക്കുകയാണ്.


Dont Miss സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ബോംബേറ്; പിന്നില്‍ ആര്‍.എസ്.എസെന്ന് സി.പി.ഐ.എം; ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ 


പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസിന് മുന്നില്‍ വെച്ച് ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.ഐ.എം ആരോപിച്ചു. അക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് മോഹനന്‍ മാസ്റ്റര്‍ രക്ഷപ്പെട്ടത്.

കോഴിക്കോട് ജില്ലയിലെ ഹര്‍ത്താലില്‍ നിന്ന് ഇന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 1.10നാണ് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച് കണാരന്‍ സ്മാരകമന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ ബോംബേറുണ്ടായത്. കാറില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന അക്രമിസംഘം സ്റ്റീല്‍ ബോംബുകളെറിയുകയായിരുന്നു.

ഇന്നലെ രാത്രി സി.പി.ഐ.എം ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച് തിരിച്ച് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതിനിടെയാണ് സെക്രട്ടറിക്ക് നേരെ അക്രമികള്‍ പിന്നില്‍നിന്ന് ബോംബെറിഞ്ഞത്.

എ.കെ.ജി ഹാളിന് പിറകുവശത്തുകൂടെയുള്ള ഇടവഴിയിലൂടെയാണ് അക്രമികള്‍ ഓഫീസ് പരിസരത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാ സെക്രട്ടറി വരുന്നതും കാത്ത് പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. ശബ്ദം കേട്ട് പ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.