തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഇന്ന് ബി.ജെ.പിയുടെ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍.

വിളപ്പില്‍ശാല ജനകീയ സമതിയുടെ സമരത്തെ തുടര്‍ന്ന് മാലിന്യപ്ലാന്റ് പഞ്ചായത്ത് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തിരുവനന്തപും നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. നഗരത്തിലെ മാലിന്യപ്രശ്‌നം പരഹരിക്കാന്‍ നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് ബി.ജെ.പിയുടെ ഹര്‍ത്താല്‍. പ്രഹസനമായ ചര്‍ച്ചകളും മറ്റുമാണ്  ഇപ്പോള്‍ നടക്കുന്നതെന്നും പ്രശ്‌നം പരിഹരിക്കാന്‍ സത്വര കര്‍മപരിപാടികളാണ് വേണ്ടതെന്നും ബി.ജെ.പി ആരോപിച്ചു.

കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ബി.ജെ.പി സംഘടിപ്പിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരെയും മറ്റ് അവശ്യസര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ചന്ദ്രിക കുറ്റപ്പെടുത്തി.