Administrator
Administrator
ബി.ജെ.പി വിഭാഗീയത: അദ്വാനിയും സുഷമാ സ്വരാജും പൊതുസമ്മേളനത്തിലും റാലിയിലും പങ്കെടുക്കാതെ വിട്ടുനിന്നു
Administrator
Friday 25th May 2012 10:07pm

Lal Krishna Advani and Sushama Swaraj in BJP's national executivesമുംബൈ: ബി.ജെ.പിയിലെ വിഭാഗീയത കൂടുതല്‍ വെളിവാക്കിക്കൊണ്ട് എല്‍.കെ. അദ്വാനിയും സുഷമാ സ്വരാജും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നു. ദേശീയ നിര്‍വാഹക സമിതിയോഗത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള  പരിപാടിയിലും റാലിയിലുമാണ് മുതിര്‍ന്ന നേതാക്കള്‍ മാറി നിന്നത്. പാര്‍ട്ടിയില്‍ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം വര്‍ധിച്ചു വരുന്നതും അദ്ദേഹത്തിന്റെ നോമിനിയായ നിതിന്‍ ഗഡ്കരി വീണ്ടും ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്ത് എത്തിയതുമാണ് ഇവര്‍ മാറി നില്‍ക്കാന്‍ കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതു കൊണ്ടാണ് അദ്വാനിയും സുഷമ സ്വരാജും വിട്ടു നില്‍ക്കുന്നതെന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, രണ്ട് ദിവസമായി നടക്കുന്ന ദേശീയ എക്‌സിക്യുട്ടീവില്‍ സഞ്ചയ് ജോഷിയെ രാജി വെപ്പിക്കുകയും മോദി വിഭാഗത്തിന്റെ പ്രതിനിധിയായ ഗഡ്കരിയെ അദ്ധ്യക്ഷനാക്കുകയുമായിരുന്നു. കൂടാതെ 2014ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതും കടുത്ത വിഭാഗീയതക്ക് കാരണമാവുകയായിരുന്നു. കൂടാതെ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയെ മുഖ്യപ്രഭാഷകനാക്കിയതും അദ്വാനിയെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇന്നലെ നരേന്ദ്ര മോദിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സഞ്ചയ് ജോഷിയുടെ രാജിയും ഇന്ന് രാവിലെ മുതല്‍ അദ്വാനിയുടെയും സുഷമ സ്വരാജിന്റെയും അസാന്നിധ്യം വിഭാഗീയത പ്രകമാക്കുന്നതായിരുന്നു. പാര്‍ട്ടിയില്‍ ഗഡ്കരിയുടെ രണ്ടാമൂഴം ആര്‍.എസ്.എസിന്റെയും മോദിയുടെയും വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തിന് തെളിവാണ്. പാര്‍ട്ടിയുടെ സംഘടനാ പരമായ പരിപാടികളില്‍ നിന്ന് ഇതുവരെ വിട്ടുനില്‍ക്കാത്ത അദ്വാനിയുടെ അസാന്നിധ്യം ഇതിനകം തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും ചര്‍ച്ചയായത് നേതൃത്വത്തെ അസ്വസ്തമാക്കുന്നുണ്ട്.

അദ്വാനി നേരത്തെ തീരുമാനിച്ച പരിപാടിയില്‍ പങ്കെടുക്കേണ്ടതു കൊണ്ടും സുഷമാ സ്വരാജിന് നാളെ ഗാസിയാബാദില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കേണ്ടതു കൊണ്ടാണ് ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് ബി.ജെ.പി വക്താവ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Advertisement