അഹമ്മദാബാദ്: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുടെ അഹമ്മദാബാദ് സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പതാകയ്ക്ക് മുകളിലായി ബി.ജെ.പിയുടെ കൊടി ഉയര്‍ത്തിയത് വിവാദമാകുന്നു.

സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ചിത്രം ഉള്‍പ്പെടെ പ്രചരിച്ചതോടെയാണ് വിഷയം ചര്‍ച്ചയാവുന്നത്. അഹമ്മദാബാദ് ഹൈവേ റോഡിലായിരുന്നു ഇന്ത്യന്‍ പതാകയ്ക്ക് മുകളിലായി ബി.ജെ.പിയുടെ കൊടി ഉയര്‍ത്തിയത്. ഒരു വടിയുടെ മുകളില്‍ ഇന്ത്യന്‍ പതാകയും ജപ്പാന്‍ പതാകയും ഒന്നിച്ചായിരുന്നു കെട്ടിയത്.


Also Read അവാര്‍ഡ്ദാനത്തിന് എത്താതിരുന്ന താരങ്ങലെ കുറ്റം പറയുന്നതിന് മുമ്പ് സംഘാടകര്‍ അവരെ ക്ഷണിച്ചിരുന്നോ എന്ന് മുഖ്യമന്ത്രിക്ക് അന്വേഷിക്കാമായിരുന്നു: ജോയ് മാത്യു


ഇതിന്റെ ചിത്രമുള്‍പ്പെടെ പിന്നീട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. പുതിയ ഇന്ത്യയില്‍ ബി.ജെ.പിക്ക് തന്നെയാണ് പ്രാധാന്യം എന്ന് കാണിക്കാന്‍ വേണ്ടിയാണോ ഇത്തരം നടപടിയെന്നാണ് പലരുടേയും ചോദ്യം.

ദേശീയതയെ കുറിച്ച് വാചാലരാവുന്ന ബി.ജെ.പിയുടെ കപടമുഖമാണ് ഇതിലൂടെ വെളിച്ചത്തുവന്നതെന്നും ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരും അവരുടെ നേതാക്കളും ദേശസ്‌നേഹം എന്നത് തെരഞ്ഞെടുപ്പിന് മാത്രമായി ഉപയോഗിക്കുന്ന വാക്കാണെന്നുമാണ് മറ്റുചിലരുടെ പ്രതികരണം.

2002 ലെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡിന്റെ ലംഘനമാണ് ബി.ജെ.പി നടത്തിയിരിക്കുന്നതെന്നും ഒരുകൊടിമരത്തിന് മുകളില്‍ മറ്റൊരു പതായക്കൊപ്പം ഇന്ത്യന്‍ പതാകയുയര്‍ത്തുന്നത് കുറ്റകരമാണെന്ന ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് പാര്‍ട് 2 സെക്ഷന്‍ 2.2 വിന്റെ ലംഘനം കൂടിയാണ് ഇതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു