ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ പ്രതിരോധമന്ത്രി പി.ചിദംബരത്തെ സംരക്ഷിക്കുന്ന പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്. അഴിമതിക്കെതിരെ പോരാടുന്നതില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്റെ പ്രതിബദ്ധത വ്യക്തമാക്കിയ പ്രധാനമന്ത്രി എന്നാല്‍ ചിദംബരത്തിനെ പിന്തുണക്കുന്നതിലൂടെ ആ വാഗ്ദാനം ലംഘിച്ചിരിക്കുകയാണെന്നും ബി.ജെ.പി പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് പറഞ്ഞു.

മുന്‍ ടെലികോം വകുപ്പ് മന്ത്രി എ.രാജ ജയിലിലാകാന്‍ കാരണമായ അതേ കുറ്റമാണ് ചിദംബരം ചെയ്തത്. സി.ബി.ഐയും ചിദംബരത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. 2 ജിനോട്ട് പുറത്തുവന്നത് കോണ്‍ഗ്രസ് മന്ത്രിയില്‍ നിന്നാണെന്നും ബി.ജെ.പിയില്‍ നിന്നല്ലെന്നും സുഷമ ചൂണ്ടിക്കാട്ടി.

2 ജി കേസില്‍ പ്രധാനമന്ത്രിക്ക് എല്ലാം അറിയാമായിരുന്നെന്നും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ സംശയത്തിന്റെ നിഴലിലാണെന്നും സുഷമ ആരോപിച്ചു. സര്‍ക്കാരില്‍ വിവാദങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്്‌ലിയും ആരോപിച്ചു.