ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ബിജെപി അതൃപ്തി രേഖപ്പെടുത്തി. പ്രസംഗത്തില്‍ വിലക്കയറ്റം, അഴിമതി, കള്ളപ്പണം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ പരിഹാരം കാണാനുള്ള യാതൊരു നടപടിയും സ്വീകരിച്ചതായി പരാമര്‍ശിച്ചിട്ടില്ല. രാഷ്ട്രപതിയുടെ പ്രസംഗം പ്രതീക്ഷയൊടെയാണ് ശ്രവിച്ചതെങ്കിലും നിരാശയായിരുന്നു ഫലമെന്ന് ബിജെപി നേതാവ് എസ്.എസ് അലുവാലിയ പറഞ്ഞു.

സര്‍ക്കാരിനു ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നു പറഞ്ഞ രാഷ്ട്രപതി ഉത്തരവാദിത്തം എന്തു കാര്യത്തിലാണ് എന്ന് വ്യക്തമാക്കിയില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.

അഴിമതി തടയാന്‍ നിയമ നിര്‍മാണം നടത്തും. പൊതുജീവിതത്തില്‍ സുതാര്യത ഉറപ്പുവരുത്തും. ജുഡീഷ്യറിയുടെ പ്രതിഛായയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ നടപടികളെടുക്കും. വിലക്കയറ്റം തടയും. വിദേശ ബാങ്കുകളിലെ കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും തുടങ്ങിയ കാര്യങ്ങളാണ് രാഷ്ട്രപതി തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.