ന്യൂദല്‍ഹി: കേന്ദ്ര ഉരുക്ക് മന്ത്രി ബേനി പ്രസാദ് വര്‍മക്കെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുസ്‌ലീംകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാക്കള്‍ തുടരെ തുടരെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ‘ മുസ്‌ലീംകളുടെ സംവരണം വര്‍ധിപ്പിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ എനിക്കും നോട്ടീസ് അയക്കട്ടെ’ എന്ന് ഫറൂഖാബാദില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ബേനി പ്രസാദ് പറഞ്ഞു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗും, കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ഇതേ വേദിയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഖുര്‍ഷിദിന്റെ ഭാര്യ ലൂസി ഖുര്‍ഷിദിന് വേണ്ടി അദ്ദേഹവും നേരത്തെ സംവരണം വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയും ചെയ്തിരുന്നു. മുസ്‌ലീംകള്‍ക്കുവേണ്ടി ഞാന്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കി ബേനിപ്രസാദ് ഖുര്‍ഷിദിന് പിന്തുണ നല്‍കുകയാണുണ്ടായത്- ബി.ജെ.പി കമ്മീഷനെ ധരിപ്പിച്ചു.

ബേനിപ്രസാദിന്റെ പ്രസ്താവനയടങ്ങിയ സിഡിയും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. ഇക്കാര്യം കമ്മീഷന്‍ പരിശോധിച്ച് വരികയാണെന്ന് ഫറൂഖാബാദ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വക്താവ് അറിയിച്ചു. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

മുസ്‌ലീംകള്‍ക്ക് ഒമ്പതുശതമാനം സംവരണത്തിനുവേണ്ടി വാദിക്കുമെന്നും അതിന്റെ പേരില്‍ തൂക്കിക്കൊന്നാലും പിന്‍മാറില്ലെന്നും നേരത്തെ മന്ത്രി ഖുര്‍ശിദ് പറഞ്ഞിരുന്നു. വിവാദം കത്തുകയും നടപടി ആവശ്യപ്പെട്ട് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കുകയും ചെയ്തതോടെ ഖുര്‍ഷിദ് ഖേദം പ്രകടിപ്പിച്ച് പിന്‍മാറുകയായിരുന്നു.

Malayalam News

Kerala News In English