തിരുവനന്തപുരം: അഴിമതി, കോഴ ആരോപണങ്ങളെ തുടര്‍ന്ന് പ്രതിരോധത്തിലായ ബി.ജെ.പി സംസ്ഥാന നേതൃത്വം ആരോപണങ്ങള്‍ക്ക് മറയിടാന്‍ അക്രമം ആയുധമാക്കുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ ഇത്തരമൊരു കരുതിക്കൂട്ടിയുള്ള പദ്ധതിയുടെ ഭാഗമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട് ബി.ജെ.പിയിലെ ഉന്നത നേതാക്കള്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനു പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നിരുന്നു.

ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവുമായി ബന്ധപ്പെട്ട പണപ്പിരിവിന്റെ പേരില്‍ നടന്ന അഴിമതി, സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്, ജന്‍ ഔഷധി അഴിമതി, ഉണ്ണികുളം ആയുര്‍വേദ കോളജിന്റെ പേരുള്ള അഴിമതി തുടങ്ങിയ ആരോപണങ്ങളില്‍ പലരും പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുതന്നെയാണ് ഉയര്‍ന്നുവന്നത് എന്നതും നേതൃത്വത്തെ പ്രതിരോധത്തിലായിരുന്നു. ചാനല്‍ ചര്‍ച്ചകളിലും മാധ്യമങ്ങളിലും ഇത് വലിയ ചര്‍ച്ചയായതോടെ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള പല നേതാക്കളും മാധ്യമങ്ങള്‍ക്കുമുന്നില്‍ വരാത്ത സ്ഥിതിവിശേഷവുമുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് അക്രമസംഭവങ്ങളുണ്ടാകുന്നത്. സി.പി.ഐ.എം കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് ബി.ജെ.പിയുടെ തിരുവനന്തപുരത്തെ ഓഫീസ് ആക്രമിക്കപ്പെടുന്നത്. ഇത് ആര്‍.എസ്.എസും ബി.ജെ.പിയും വലിയ ചര്‍ച്ചയാക്കുകയും തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ തുടരുകയും ചെയ്തു.


Must Read: ‘കുറ്റം നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതുമാത്രമാക്കി’ ബി.ജെ.പി നേതാക്കള്‍ പ്രതിയായ കള്ളനോട്ട് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു


ഇതിനിടയിലാണ് തലസ്ഥാനത്ത് ആര്‍.എസ്.എസ് കാര്യവാഹക് കൊല്ലപ്പെടുന്നത്. ഈ വിഷയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കുന്നതാണ് പിന്നീട് കണ്ടത്. പാര്‍ലമെന്റില്‍ ബി.ജെ.പി എം.പിമാര്‍ കേരളത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ത്തുകയും കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നെന്ന തരത്തില്‍ ചില ദേശീയ മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാപകമായ പ്രചരണം നടത്തുകയും ചെയ്തു. ഇതോടെയാണ് മെഡിക്കല്‍ കോഴ ആരോപണത്തിനു പിന്നാലെ മാധ്യമങ്ങളില്‍ നിന്നു വിട്ടുനിന്ന നേതാക്കളില്‍ പലരും വീണ്ടും ചര്‍ച്ചകളില്‍ സജീവമായി തുടങ്ങിയത്.

അക്രമം ചര്‍ച്ചയാക്കി നിലനിര്‍ത്താനുള്ള ആര്‍.എസ്.എസ് നീക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ജെയ്റ്റ്‌ലിയ്ക്കു പിന്നീട് ബി.ജെ.പിയുടെ ഉന്നത നേതാക്കളെ കേരളത്തിലെത്തിച്ച് വ്യാപകമായ പ്രചരണത്തിനും ബി.ജെ.പി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍.എസ്.എസ് മേധാവ് മോഹന്‍ ഭഗവത് ആഗസ്റ്റ് 14ന് കേരളത്തില്‍ വരുമെന്ന് ഇതിനകം അറിയിച്ചു കഴിഞ്ഞു. കൂടാതെ കുമ്മനംരാജശേഖരന്റെ നേതൃത്വത്തില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രചാരണ യാത്ര നടത്താനും ഇതില്‍ അമിത് ഷാ, യോഗി ആദിത്യനാഥ്, മനോഹര്‍ പരീക്കര്‍ തുടങ്ങിയ ഉന്നത നേതാക്കളെ പങ്കെടുപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.