Categories

‘ഭരണഘടനാ പദവിയെ മാനിക്കണം’; ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തില്‍ ശോഭാ സുരേന്ദ്രനേയും എം.ടി രമേശിനേയും തള്ളി ബി.ജെ.പി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ബി.ജെ.പി നേതാക്കള്‍ക്കതെിരെ ബി.ജെ.പി കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രിയ്ക്ക് ഗവര്‍ണര്‍ പരാതി കൈമാറിയത് ചട്ടങ്ങള്‍ അനുസരിച്ചാണെന്നും ഭരണഘടനാ പദവിയെ മാനിക്കണമെന്നും കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി.

ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനം വേണമെന്നും ഗവര്‍ണറുടെ നടപടി അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന നേതാക്കളായ ശോഭാ സുരേന്ദ്രനും എം.ടി രമേശനും വിഷയത്തില്‍ ഗവര്‍ണറെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് പ്രതാപ് റൂഡിയുടെ പ്രതികരണം വരുന്നത്.


Also Read: ‘മിലന്‍ കുന്ദേരയെ വായിച്ച സൗത്ത് ഇന്ത്യയിലെ ഏക രാഷ്ട്രീയക്കാരന്‍’; ശബരീനാഥിനെയും ദിവ്യയെയും ട്രോളി സോഷ്യല്‍ മീഡിയ 


അതേസമയം, കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നതായും കേന്ദ്രനേതൃത്വം ആരോപിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ബുധനാഴ്ച സന്ദര്‍ശിക്കുമെന്നും അറിയിച്ചു.

ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി പി സദാശിവം മുഖ്യമന്ത്രിക്ക് കൈമാറിയതിനെതിരെ ബിജെപി വിമര്‍ശനം ഉന്നയിച്ചിരുന്നു. പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ആവശ്യമില്ലെന്നാണ് ബിജെപി പ്രതികരിച്ചത്. പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി സദാശിവം കസേരയില്‍ നിന്ന് ഇറങ്ങിപ്പാകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.


Don’t Miss: അഴിമതി തുടച്ചുനീക്കണം എന്നാണ് ബെഹ്‌റയുടെ തീരുമാനം: തുടച്ചിട്ടും പോയില്ലെങ്കില്‍, ഡ്യൂലക്‌സ് പെയിന്റ് അടിച്ചു വൃത്തിയാക്കും; പരിഹാസവുമായി അഡ്വ. ജയശങ്കര്‍


പദവിയോട് അല്‍പ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കവെയാണ് ശോഭാ സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.