Categories

ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ; ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി

ന്യൂദല്‍ഹി: ബി.ജെ.പി കോഴയില്‍ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ആദ്യവിഷയമായി ഇത് തന്നെ പരിഗണിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരാകരിച്ചതോടെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു.

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബിജെപി നേതാക്കള്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ എം.ബി.രാജേഷ് എം.പി നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ഇന്നലെയും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.


Dont Miss രക്തം ചിന്തിയിട്ടും വിടാതെ സൗദി രാജകുമാരന്‍; സൗദി രാജകുമാരന്റെ അറസ്റ്റിലേക്ക് നയിച്ച വീഡിയോ കാണാം


സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാന്‍ ആര്‍.എസ് വിനോദ്. 5.6 കോടി രൂപ കൈപ്പറ്റിയ എന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ചോര്‍ന്നിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നാലെ അര്‍.എസ് വിനോദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കമ്മീഷന്റെ അന്വേഷണത്തിനിടെ എം.ടി രമേശിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.

വര്‍ക്കലയിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടമയ്ക്ക് എം.ബി.ബി.എസിന് 150 സീറ്റുകള്‍ അധികമായി അനുവദിക്കാന്‍ നടത്തിയ ഇടപെടലുകളിലാണ് കേരളത്തിലെ ബി.ജെ.പിയെ വെട്ടിലാക്കിയത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ കൂടി വന്നതോടെ കുമ്മനം രാജശേഖരന്‍ അന്വേഷണ കമ്മീഷനെ വെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

കെ.പി ശ്രീശനും എ.കെ നസീറും ഉള്‍പ്പെടുന്ന രണ്ടംഗ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ശനിയാഴ്ച ആലപ്പുഴയില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി പരിഗണിക്കാന്‍ ഇരിക്കെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത്.

സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സംസ്ഥാന നേതൃത്വത്തിനു നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. കോളേജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്.

വര്‍ക്കലയിലെ എസ്.ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍. എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tagged with: