എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പി നടത്തിയ അഞ്ച് കോടിയുടെ അഴിമതി പുറത്ത്; വിജിലന്‍സ് അന്വേഷണം വേണമെന്ന് എല്‍.ഡി.എഫ്
എഡിറ്റര്‍
Tuesday 6th June 2017 10:00am

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പി കൈകാര്യം ചെയ്യുന്ന നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി എല്‍.ഡി.എഫ്.

നഗരസഭയ്ക്ക് 5 കോടിയോളം രൂപയുടെ നഷ്ടം വരുത്തി ടെക്നോപാര്‍ക്കിലെ കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുകയും അഴിമതി നടത്താനായി സമിതി അധ്യക്ഷയും ബി.ജെ.പി നേതാവുമായ സിമി ജ്യോതിഷ് സെക്രട്ടറിയുടെ അധികാരം കവര്‍ന്നെടുത്തെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് എല്‍.ഡി.എഫ്.


dONT mISS ഓട്ടോയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ആറ് മാസം പ്രായമായ കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തെറിഞ്ഞ് കൊലപ്പെടുത്തി 


ടെക്നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന് 4.93 കോടി രൂപയുടെ നികുതി ഇളവ് നല്‍കാനായി നേരത്തെ നികുതി നിര്‍ണ്ണയിച്ച സെക്രട്ടറിയുടെ മുന്‍ ഉത്തരവ് അട്ടിമറിക്കുകയായിരുന്നു എന്നാണ് ആരോപണം. വാര്‍ഷിക വാടക മൂല്യത്തിന്റെ 18 ശതമാനം വസ്തു നികുതി ചുമത്തിയ സെക്രട്ടറിയുടെ ഉത്തരവാണ് റദ്ദാക്കിയത്. 2008ലെ നഗരസഭാ കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായാണ് 2016 ഡിസംബറില്‍ ചേര്‍ന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനമെടുത്തത്.

സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തീരുമാനം സെക്രട്ടറി, മേയര്‍, നഗരസഭാ കൗണ്‍സില്‍ എന്നിവരില്‍
ഒരാളെപ്പോലും അറിയിച്ചില്ല. ഇത് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 22ാം വകുപ്പിന് വിരുദ്ധമാണ്. തീരുമാനം നിയമപരമെന്ന് വരുത്താന്‍ നഗരസഭയുടെ പാനലിന് പുറത്തുള്ള അഭിഭാഷകനില്‍ നിന്ന് നിയമോപദേശവും തേടി.

നികുതി ഇളവ് നല്‍കിയതിന് നന്ദി അറിയിച്ച് തേജസ്വിനി മേയര്‍ക്ക് കത്ത് നല്‍കിയതോടെയാണ് ബി.ജെ.പി നടത്തിയ കോടികളുടെ അഴിമതി പുറത്തുവന്നത്.

ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തീരുമാനം മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധമാണെന്നും നിയമ വിരുദ്ധമായാണ് പാനല്‍ അഭിഭാഷകര്‍ക്ക് പുറത്തുനിന്ന് നിയമോപദേശം തേടിയതെന്നും കണ്ടെത്തുകയായിരുന്നു.

ഈ സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് നടത്തിയ അഴിമതിയും ഗൂഡാലോചനയും വിജിലന്‍സ് അന്വേഷിക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു.

ബി.ജെ.പി പ്രതിനിധിയും സമിതി അധ്യക്ഷയുമായ സിമി ജ്യോതിഷ് രാജിവെയ്ക്കണമെന്നും എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബുധനാഴ്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തും.

Advertisement