ന്യൂദല്‍ഹി: ജമ്മു കശ്മീരിന് സ്വയംഭരണാധികാരം നല്‍കുന്നത് പരിഗണിക്കുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനക്കെതിരേ ബി ജെ പി രംഗത്തെത്തി. ജമ്മുകശ്മീരിന് സ്വയംഭരണാധികാരം നല്‍കുന്നതിനെ ഒരിക്കലും അനുകൂലിക്കില്ലെന്നും ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ച ആവശ്യമാണെന്നും ബി ജെ പി നേതൃത്വം രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. വിഭാഗീയ-തീവ്രവാദ ഗ്രൂപ്പുകളെ ശക്തിപ്പെടുത്താനേ ഇത്തരം നീക്കങ്ങള്‍ സഹായിക്കൂ. ഇത് സുരക്ഷാസേനയുടെ മനോബലം തകര്‍ക്കും. ഇതേക്കുറിച്ച് സഭയില്‍ പൊതുചര്‍ച്ചവേണമെന്നും ബി ജെ പി എം പി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തുമാറ്റണമെന്നും ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്.