ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹീന്ദുതീവ്രവാദം ശക്തി പ്രാപിക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബി ജെ പി, ശിവസേനാ അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളംവച്ചു. ഇതിനെ തുടര്‍ന്ന് 12 മണിവരെ സഭ നടപടികള്‍ നിര്‍ത്തിവച്ചു.

രാജ്യത്ത് കാവി ഭീകരത പടരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് ബുധനാഴ്ച മന്ത്രി ചിദംബരം നടത്തിയ പ്രസ്താവനയാണ് ബി ജെ പി- ശിവസേന അംഗങ്ങളെ ചൊടിപ്പിച്ചത്. ഭീകരതയ്ക്ക് മതത്തിന്റെ മാനം നല്‍കുന്നത് രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണെന്ന് ഇവര്‍ ആരോപിച്ചു.

ദേശീയപതാകയിലും സമാധാനത്തെ സൂചിപ്പിച്ച് കാവിയുടെ സാന്നിധ്യമുണ്ടെന്നും ദേശീയപതാകയെ നിന്ദിക്കുകയാണ് ചിദംബരം ചെയ്തതെന്നും അവര്‍ ആരോപിച്ചു.

ഇത്തരം പ്രസ്താവനകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ബി ജെ പി നേതാവ് മുരളി മനേഹര്‍ ജോഷി മുന്നറിയിപ്പു നല്‍കി.

21 മാസമായി രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടക്കുന്നില്ലെന്നും എന്നാല്‍ കഴിഞ്ഞ കുറെ ഭീകരാക്രമണങ്ങളില്‍ ഹിന്ദു തീവ്രവാദികളുടെ സാന്നിധ്യമുള്ളത് കണ്ടെത്താനായിട്ടുണ്ടെന്നും പോലിസിന് മുന്നറിയിപ്പു നല്‍കവേ ചിദംബരം പറഞ്ഞത്.