ന്യൂദല്‍ഹി: ന്യൂനപക്ഷ സംവരണം സംബന്ധിച്ച തന്റെ മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി കേന്ദ്ര സല്‍മാന്‍ ഖുര്‍ഷിദ്. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും രണ്ട് ഭരണഘടനാ സ്ഥപാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമായിരുന്നു ഖുര്‍ഷിദിന്റെ പ്രതികരണം.

അതേസമയം, സല്‍മാന്‍ ഖുര്‍ഷിദ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തെഴുതിയ പശ്ചാത്തലത്തില്‍ നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ശിദിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി സര്‍ക്കാര്‍ നിലപാട് വിശദീകരിക്കണമെന്നും ബി.ജെ.പി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു. ഖുര്‍ഷിദിന് മന്ത്രിസഭയില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലെന്നും വിവാദ പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി വക്താവ്  രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ഖുര്‍ഷിദിനെ പുറത്താക്കണമെന്ന് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ജനാധിപത്യത്തെ തകര്‍ത്തുകളയുന്ന നടപടിയാണ് മന്ത്രിയുടേതെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രതികരിച്ചു.

Subscribe Us:

27 ശതമാനം പിന്നോക്ക സംവരണത്തിനുള്ളില്‍ തന്നെ മുസ്ലിംകള്‍ക്ക് ഒന്‍പത് ശതമാനം ഉപസംവരണം വേണമെന്ന വിവാദ പ്രസ്താവന ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയത്. ബി.ജെപിയുടെ പരാതിയെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവന പരിശോധിക്കുകയും ഖുര്‍ഷിദിനെ ശാസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കിനു ശേഷവും ഖുര്‍ഷിദ് തന്റെ പ്രസ്താവന ആവര്‍ത്തിച്ചു. ഇതേത്തുടര്‍ന്ന് ഖുര്‍ഷിദിന്റെ നടപടി ഭരണഘടനാ ലംഘനമാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തു. കത്തിന്മേല്‍ അനുയോജ്യ നടപടിയെടുക്കുന്നതിനായി പരാതി രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയിരിക്കുകയാണിപ്പോള്‍.

കോണ്‍ഗ്രസ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഖുര്‍ഷിദിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയച്ചു

Malayalam News

Kerala News In English