ബംഗളൂരു: ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകാശ് രാജ് വിമര്‍ശിച്ചത് പ്രശസ്തിക്ക് വേണ്ടിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് എസ് പ്രകാശ്.

സ്വന്തം ആളുകള്‍ക്ക് വേണ്ടി മാത്രമേ പ്രകാശ് രാജിനെ പോലുള്ളവര്‍ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും പറയുകയുള്ളൂവെന്നും ബംഗാളില്‍ കാര്‍ത്തിക് ഘോഷ് എന്നയാള്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും രംഗത്ത് വന്നില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

പ്രകാശ് രാജ് കപട ലിബറലായിമാറിയെന്നും എസ്. പ്രകാശ് പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ല. കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷമായി. പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ഒന്നും പറയാന്‍ പ്രകാശ് രാജ് തയ്യാറായിട്ടില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

‘സമൂഹമാധ്യമങ്ങളില്‍ ഗൗരിയുടെ മരണം ആഘോഷിച്ചവരില്‍ പലരും പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. പക്ഷേ അദ്ദേഹം അവര്‍ക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല, യാതൊരു നിലപാടും വ്യക്തമാക്കുന്നുമില്ല. ഈ രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ നമ്മുടെ പ്രധാനമന്ത്രിയുടെ നിശബ്ദത എന്നെ അസ്വസ്ഥനാക്കുന്നു, വേദനിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. ഞാനൊരു പാര്‍ട്ടിയിലും അംഗമല്ല. ഒരു പാര്‍ട്ടിക്കും എതിരുമല്ല. പക്ഷേ പ്രധാനമന്ത്രിയുടെ നിശബ്ദത പേടിപ്പെടുത്തുന്നുവെന്നാണു പറഞ്ഞത്. രാജ്യത്തെ പൗരനെന്ന നിലയില്‍ അതിനുള്ള അവകാശം എനിക്കുണ്ട്.’ പ്രകാശ് രാജ് പറഞ്ഞിരുന്നു.