Categories

ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് ബി.ജെ.പി-എ.ബി.വി.പി പ്രവര്‍ത്തകര്‍; ജെ.എന്‍.യു ആവര്‍ത്തിച്ചെന്നും കെജ്‌രിവാള്‍

ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കാനായി ബി.ജെ.പിയും എ.ബി.വി.പിയും പ്രവര്‍ത്തകരെ പറഞ്ഞ് വിട്ടെന്ന ആരോപണവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സംഭവസ്ഥലത്ത് നിന്ന് ഇവര്‍ ഉടന്‍ തന്നെ കടന്നുകളഞ്ഞെന്നും തുടര്‍ന്ന് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് നിരപരാധികളെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു.


Dont Miss ഗുര്‍മെഹര്‍ കൗറിനെ പിന്തുണയ്ക്കുന്നവര്‍ പാക് അനുകൂലികള്‍; ഇന്ത്യയില്‍ നിന്നും ചവിട്ടിപ്പുറത്താക്കുമെന്നും ബി.ജെ.പി മന്ത്രി 


ഇത് തന്നെയാണ് ജെ.എന്‍.യുവിലും നടന്നത്. ഇതിന്റെ വീഡിയോ സഹിതമുള്ള തെളിവുകള്‍ വരെ പുറത്തുവന്നിട്ടും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് അവരെ പിടിക്കാത്തത്. കാരണം അവര്‍ക്ക് അതിനനുസരിച്ചുള്ള ആളുകള്‍ ഇവിടെയുണ്ട്.

കഴിഞ്ഞ വര്‍ഷം ജെ.എന്‍.യുവില്‍ നടന്നത് തെന്നെയാണ് ഇന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റിയിലും നടന്നത്. ഇതില്‍ പങ്കാളികളായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്യുക തന്നെ വേണം. അവരെ അറസ്റ്റ് ചെയ്താല്‍ തന്നെ ഇതിന് പിന്നില്‍ ബി.ജെ.പിക്കാരാണെന്ന് ജനങ്ങള്‍ക്ക് മനസിലാകും.

ഗുര്‍മെഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് നല്ല കാര്യം. എന്നാല്‍ അതുകൊണ്ട് മാത്രം ആയില്ല. എത്രയും പെട്ടെന്ന് തന്നെ അവരെ അറസ്റ്റ് ചെയ്യുകയും വേണം. ബി.ജെ.പിയുടെ തരംതാഴ്ന്ന രാഷ്ട്രീയമാണ് ഇതിന് എല്ലാം പിന്നിലെന്നും അതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Tagged with: