കോഴിക്കോട്: ബിസയര്‍ മണി ചെയിന്‍ തട്ടിപ്പില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് വ്യക്തമായി. കേരള ആംഡ് പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ കെ.ടി ഗോപിനാഥന്‍ നായരാണ് പ്രസ്തുത കമ്പനിയുടെ സി.ഇ.ഒ യെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് ഇദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്.

ഇദ്ദേഹത്തിന്റെ സ്വാധീനംകൊണ്ടുതന്നെ പരാതികളിന്മേല്‍ നടപടിയെടുക്കാന്‍ പല അധികൃതരും വിസമ്മതിച്ചിരുന്നു.രണ്ടുവര്‍ഷത്തേക്ക് മെഡിക്കല്‍ ലീവെടുത്താണ് ഇയാള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നറിഞ്ഞ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഗോപിനാഥനെ സബ് ഇന്‍സ്‌പെക്ടറാക്കിയിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുമെന്നുപറഞ്ഞാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസയര്‍ ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. വൈക്കം സ്വദേശിയായ അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയ്ക്ക് കേരളത്തിലും പുറത്തും കേന്ദ്രങ്ങളുണ്ട്.

വയനാട്ടില്‍നിന്ന് മാത്രം 5000 ആളുകളുടെ കൈയില്‍നിന്നാണ് രണ്ടരകോടിയ്ക്കുമുകൡ പിരിച്ചെടുത്തത്. പണംനിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടവരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ എട്ട് കമ്പനി പ്രതിനിധികളെ ഇന്നലെ സുല്‍ത്താന്‍ ബത്തേരി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെ വൈത്തിരി സബ്ജയിലില്‍ റിമാന്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ബത്തേരിയില്‍ പഴയ സാധനങ്ങള്‍ വില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ എന്ന പേരിലാണ് ബിസയര്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. പതിവ് ചെയിന്‍മാര്‍ക്കറ്റിംഗ് തട്ടിപ്പുവീരന്മാരെപ്പോലെത്തന്നെ കോട്ടും സ്യൂട്ടുമണിഞ്ഞാണ് കമ്പനിയിലെ ചെറുപ്പക്കാര്‍ ജനങ്ങള്‍ക്കിടയിലേക്കെത്തിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ നീക്കമൊന്നുമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്. കോട്ടയം, മലപ്പുറം ജില്ലകളില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയപ്പോള്‍ ഷെയറെടുത്തവര്‍ക്ക് നല്ല ലാഭമുണ്ടെന്ന് പ്രചരിപ്പിച്ചാണ് ഏജന്റുമാര്‍ വയനാട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
രണ്ടുവര്‍ഷം മുമ്പാണ് ബിസയര്‍ കേരളത്തിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയത്.