ജൊഹന്നാസ്ബര്‍ഗ്: ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം റാങ്ക് ഇംഗ്ലണ്ടിന് മുന്നില്‍ അടിയറവെച്ച ഇന്ത്യയുടെ സമീപകാല പ്രകനത്തില്‍ നിരാശയുണ്ടെന്ന് മുന്‍ കോച്ച് ഗാരി കിര്‍സ്റ്റണ്‍.

ഇംഗ്ലണ്ട് പര്യടനത്തിലെ ടീമിന്റെ പ്രകടനത്തില്‍ വിഷമമുണ്ട്. തുടര്‍ച്ചയായി വിജയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒന്നാം സ്ഥാനത്ത എത്തുന്നത് പോലെ തന്നെ ബുദ്ധിമുട്ടേറിയ കാര്യമാണ് ഒന്നാംസ്ഥാനം നിലനിറുത്തുക എന്നത്.

ലോകപ്പിലെ വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയതായിരുന്നു. എന്നാല്‍ പിന്നീട് നടന്ന വെസ്റ്റിന്‍ഡീസ് പര്യാടനത്തില്‍ ചില കളിക്കാര്‍ക്ക് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. ഒപ്പം വിജയിക്കാനുള്ള തൃഷ്ണ ടീമിന് കുറഞ്ഞതും ഇന്ത്യക്ക് വിനയായി. കിര്‍സ്റ്റണ്‍ പറഞ്ഞു.

മികച്ച ടീമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയും മികച്ച ക്യാപറ്റനും ഇന്ത്യക്കുണ്ട്. അത്‌കൊണ്ടാണ് ഒന്നാം സ്ഥാനം നേടാനായത്. പക്ഷെ ബൗളിംഗാണ് ഇന്ത്യയുടെ പ്രശ്‌നം. പുതിയ കോച്ചിന് സാഹചര്യങ്ങള്‍ മനസിലാക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും ,അധികം താമസിയാതെ തന്നെ തോല്‍വിയില്‍ നിന്നും ടീം തിരിച്ചുവരുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും കിര്‍സ്റ്റണ്‍ പറഞ്ഞു.