Categories

ഹിസാറില്‍ കുല്‍ദീപ് ബിഷ്‌ണോയ് വിജയിച്ചു; കോണ്‍ഗ്രസ് മൂന്നാമത്

ഹിസാര്‍: ഹരിയാനയിലെ ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പിന്തുണയോടെ ഹരിയാന ജനഹിത് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയി 23,617 വോട്ടുകള്‍ക്കു വിജയിച്ചു. ഐ.എന്‍.എല്‍.ഡിയിലെ അജയ് സിംഗ് ചൗട്ടാലയെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയ് പ്രകാശിന് മൂന്നാമനാകാനെ കഴിഞ്ഞുള്ളൂ.

ജനലോക്പാലിനെ പിന്തുണക്കുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഹസാരെ സംഘം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, അണ്ണാ സംഘത്തിനു വോട്ടര്‍മാരെ സ്വാധീനിക്കാനായിട്ടില്ലെന്നും തന്റെ വിജയകാരണം പിതാവിന്റെയും കുടുംബത്തിന്റെയും മഹിമയാണെന്നും കുല്‍ദീപ് ബിഷ്‌ണോയി പറഞ്ഞു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന അണ്ണാ ഹസാരെ സംഘത്തിന്റെ ആഹ്വാനത്തോടെയാണ് ഹിസാര്‍ ഉപതിരഞ്ഞെടുപ്പിന് ദേശീയ ശ്രദ്ധ കൈവന്നത്. പക്ഷേ, പകരം ആരെ ജയിപ്പിക്കണമെന്ന് ഹസാരെ സംഘം വ്യക്തമാക്കിയിരുന്നില്ല.

ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായിവന്നത്. ഭജന്‍ലാലിന്റെ മകനാണ് കുല്‍ദീപ് ബിഷ്‌ണോയി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിസാര്‍ ഒഴികെയുള്ള എല്ലാ സീറ്റുകളിലും കോണ്‍ഗ്രസിനായിരുന്നു വിജയം.

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ പരാജയം തങ്ങളുടെ വിജയമായി ഹസാരെ സംഘം ഉയര്‍ത്തിക്കാണിച്ചേക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.