തിരുവനന്തപുരം: സംസ്ഥാനത്ത് ബയോഗ്യാസിന് ആവശ്യക്കാരേറുന്നു. പാചക വാതക സബ്‌സിഡി എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് ബയോഗ്യാസിന്റെ സാധ്യതകള്‍ തേടി സാധാരണക്കാര്‍ എത്തിത്തുടങ്ങിയത്.

ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കാന്‍  എണ്ണായിരം രൂപ വരെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. പാരമ്പര്യേതര ഊര്‍ജോപയോഗം വ്യാപിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപവത്ക്കരിച്ച ഏജന്‍സിയാണ് അനര്‍ട്ട്.

Ads By Google

അനര്‍ട്ട് അംഗീകരിച്ച ഏജന്‍സികള്‍ മുഖേനയാണ് വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഒരു ഘനമീറ്റര്‍ വ്യാപ്തിയുള്ള പോര്‍ട്ടബിള്‍ പ്ലാന്റിന് 23000 രൂപയാണ് വില. സ്ഥിരമായി സ്ഥാപിക്കുന്ന തരത്തിലുള്ള പ്ലാന്റുകള്‍ക്ക് 25000 രൂപയാണ് ഈടാക്കുന്നത്. രണ്ടിനും എണ്ണായിരം രൂപ സര്‍ക്കാര്‍ സബ്‌സിഡിയുണ്ട്.

ഈ വര്‍ഷം 6000 ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സബ്‌സിഡി നല്‍കാനാണ് അനര്‍ട്ടിനുള്ള നിര്‍ദേശം. www.anert.gov.in എന്ന വെബ്‌സൈറ്റില്‍ ഇതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാണ്.

അംഗീകൃത ഏജന്‍സികളുടെ ഫോണ്‍ നമ്പരും ജില്ലാ ഓഫീസുകളുടെ മേല്‍വിലാസവും ഈ വെബ്‌സൈറ്റിലൂടെ ലഭിക്കും. വെബ്‌സൈറ്റില്‍ നിന്നുള്ള ഫോറമോ ജില്ലാ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന ഫോറമോ പൂരിപ്പിച്ച് അനര്‍ട്ട് ഓഫീസുകളില്‍ നല്‍കുമ്പോള്‍ പ്രത്യേക റഫറന്‍സ് നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ സബ്‌സിഡിക്ക് അര്‍ഹതയുള്ളൂ.

ഒരു ഘനമീറ്റര്‍ വ്യാപ്തിയുള്ള പ്ലാന്റില്‍ പത്ത് കിലോഗ്രാം ജൈവ മാലിന്യമിട്ടാല്‍ അരക്കിലോഗ്രാമോളം എല്‍.പി.ജിയ്ക്ക് തുല്യമായ ഇന്ധനം ലഭിക്കും.

ഒരു വീട്ടിലുണ്ടാകുന്ന എന്ത് അഴുക്കും പ്ലാന്റിലിടാം. ഭക്ഷണത്തിന്റെ ബാക്കിയും അഴുകിയ പച്ചക്കറിയും എല്ലാം ഇതില്‍ നിക്ഷേപിക്കാം. ഇതിലൂടെ  മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്യാം. പത്തുകിലോഗ്രാം മാലിന്യം പ്ലാന്റിലിടാന്‍ കഴിയുമെങ്കില്‍ രാവിലെയും വൈകീട്ടുമായി മൂന്നുമണിക്കൂറിലേറെ സ്റ്റൗ കത്തിയ്ക്കാന്‍ കഴിയും.