Categories

കശാപ്പു നിരോധനം: ഫെഡറലിസത്തിനായി ഒരു ബദല്‍ അജണ്ട


സംയുക്ത(Concurrent) പട്ടികയിലുള്ള വിഷയങ്ങള്‍ പൂര്‍ണ്ണമായും സംസ്ഥാന പട്ടികയിലേക്ക് മാറ്റാനുള്ള നിയമനിര്‍മാണത്തിന് സമ്മര്‍ദ്ദം ചെലുത്തുക. തുടക്കമെന്ന നിലയില്‍ പ്രാഥമിക, സെക്കണ്ടറി തല വിദ്യാഭ്യാസം, മൃഗക്ഷേമം, കൃഷി എന്നിവ പൂര്‍ണ്ണമായി സംസ്ഥാന പട്ടികയിലേക്ക് മാറ്റാന്‍ ആവശ്യമുന്നയിക്കുകയും അതിനായി ശക്തമായി രംഗത്തിറങ്ങുകയും ചെയ്യുക.


ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഇന്ത്യ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’ എന്ന ഏകസ്വര രാഷ്ട്രമാണ്. ഭാഷാ, സാംസ്‌കാരിക, മത വൈവിധ്യങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത ഒരു ഏകാധിപത്യ ഹിന്ദു രാഷ്ട്രം.

ഈ പദ്ധതിയില്‍ അവര്‍ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിക്കുക, കപട വാര്‍ത്തകള്‍, ആസൂത്രിതമായി നടപ്പിലാക്കുന്ന ലഹളകള്‍ എന്നിവ വഴി ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുക, സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കുക, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ചര്‍ച്ചകള്‍ കൂടാതെ വിവാദ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുക, ഭാഷാ, മത, ജാതി ന്യുനപക്ഷങ്ങളെ ആസൂത്രിതമായി ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുക – ഇതെല്ലാം പരീക്ഷിച്ചു വിജയം കണ്ട തന്ത്രങ്ങളാണ്.

ഉത്തരേന്ത്യ മുഴുവന്‍ പിടിച്ചടക്കിയ ശേഷം ഇനിയും ചെറുത്തുനില്‍ക്കുന്ന ദക്ഷിണേന്ത്യയെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെയും കാല്‍ക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് അവര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിക്കഴിഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങളുടെ അധികാരവകാശങ്ങളിലും, ജനങ്ങളുടെ ഭക്ഷണശീലങ്ങളിലും കടന്നു കയറിക്കൊണ്ടുള്ള ‘കശാപ്പു നിരോധനം’ ചര്‍ച്ചയാകുന്നത്. ദക്ഷിണേന്ത്യയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പെട്ട ബഹുസ്വര സമുഹത്തിന് ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പ് നിലനില്‍പ്പിനായുള്ള സമരമാണ്.

ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന കക്ഷികള്‍ക്കും ഇതൊരു അനിവാര്യ സമരമാണ്. ഹിന്ദു ഏകാധിപത്യത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള അവസാന വഴി.

‘കശാപ്പുനിരോധനം’ മുന്‍നിര്‍ത്തി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമാന ചിന്താഗതിയുള്ള മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമായ തീരുമാനമാണ്. ഇത് സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശത്തിന് വേണ്ടിയുള്ള ശക്തമായ കൂട്ടായ്മയുടെ രുപീകരണത്തിനുള്ള തുടക്കമാകണം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സമാന ചിന്താഗതിയുള്ള ഭരണകര്‍ത്താക്കളുള്ള ബംഗാള്‍, ഒഡിഷ, മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമാകേണ്ടതുണ്ട്.

ബഹുസ്വരതയും, മതേതരത്വവും നിലനിര്‍ത്താന്‍ ഒരു ‘സ്വയംഭരണ അജണ്ട’ ഇവിടെ നിര്‍ദ്ദേശിക്കുന്നു.

1. സംയുക്ത(Concurrent) പട്ടികയിലുള്ള വിഷയങ്ങള്‍ പൂര്‍ണ്ണമായും സംസ്ഥാന പട്ടികയിലേക്ക് മാറ്റാനുള്ള നിയമനിര്‍മാണത്തിന് സമ്മര്‍ദ്ദം ചെലുത്തുക. തുടക്കമെന്ന നിലയില്‍ പ്രാഥമിക, സെക്കണ്ടറി തല വിദ്യാഭ്യാസം, മൃഗക്ഷേമം, കൃഷി എന്നിവ പൂര്‍ണ്ണമായി സംസ്ഥാന പട്ടികയിലേക്ക് മാറ്റാന്‍ ആവശ്യമുന്നയിക്കുകയും അതിനായി ശക്തമായി രംഗത്തിറങ്ങുകയും ചെയ്യുക.

2. രാജ്യസഭാ അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാന സഭയാക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്ര ഭരണത്തില്‍ പ്രകടിപ്പിക്കാനുള്ളയിടം. ഇതിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍, അതത് സംസ്ഥാനവാസികളല്ലാത്ത അംഗങ്ങള്‍ എന്നിവരെ ഒഴിവാക്കാനും, രാജ്യസഭയുടെ അംഗീകാരമില്ലാതെ ‘സാമ്പത്തിക ബില്ലുകള്‍’ പാസാക്കാനുള്ള ലോക്സഭയുടെ അധികാരം എടുത്ത് കളയാനുമായി ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുക.

3. എല്ലാ ഔദ്യോഗിക ഭാഷകളെയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനും, നിലവില്‍ ഹിന്ദിക്ക് ലഭിക്കുന്ന ഭരണഘടനാ ബാഹ്യമായ പ്രത്യേക പരിഗണന ഒഴിവാക്കാനും ആവശ്യപ്പെടുക. റയില്‍വേ ടിക്കറ്റുകള്‍, വിമാനങ്ങളിലെ അനൗണ്‍സ്മെന്റ്, പൊതുമേഖലാ ബാങ്കിങ് ഫോമുകള്‍, എ.ടി.എം സേവനങ്ങള്‍ അടക്കം എല്ലാ കേന്ദ്ര ഗവണ്‍മെന്റ് സേവനങ്ങളും പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും അതിനുള്ള നിയമനിര്‍മ്മാണമടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.

4. കൊളോണിയല്‍ കാലത്ത് നടപ്പിലാക്കപ്പെട്ട ഗവര്‍ണര്‍ഷിപ്, ഇന്ത്യന്‍ സിവില്‍ സര്‍വീസ് എന്നീ അധികാര സ്ഥാനങ്ങളിലൂടെയാണ് കേന്ദ്രം സംസ്ഥാന ഭരണത്തിലിടപെടുന്നത്. തികച്ചും ജനാധിപത്യ വിരുദ്ധവും, സംസ്ഥാന സ്വയംഭരണത്തിന് വിഘാതവുമായ ഈ സംവിധാനങ്ങള്‍ റദ്ദാക്കാനുള്ള ഭരണഘടനാ ഭേദഗതിക്കായി പരിശ്രമിക്കുക.

5. ജി.എസ്.ടി എന്ന പോലെ വരുമാനനികുതിയും (Income Tax) സംസ്ഥാനങ്ങളുമായി തുല്യമായി പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുക. 2016-ല്‍ ആകെ വരുമാന നികുതി പിരിവു (കോര്‍പറേറ്റുകളും, വ്യക്തികളും ഉള്‍പ്പെടെ) 7.48 ലക്ഷം കോടി രൂപയായിരുന്നു. ഇത് പങ്കു വെക്കാന്‍ കഴിഞ്ഞാല്‍ ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇപ്പൊള്‍ ചുമത്തുന്ന ഭീമമായ നികുതി (2016ല്‍ 1 .99 ലക്ഷം കോടി) ഒഴിവാക്കി ഈ ഉല്‍പ്പന്നങ്ങളെ ചരക്കു സേവന നികുതിക്ക് കീഴില്‍ കൊണ്ട് വന്ന് വിലപ്പെരുപ്പം നിയന്ത്രിക്കാനും കഴിയും. ഇതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന ഏതു ധനസഹായവും ഉപാധി രഹിതമാക്കുകയും വേണം.

6. വികസന, പരിസ്ഥിതി, വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ നേരിട്ടുള്ള സഹകരണം ശക്തിപ്പെടുത്താന്‍ കാര്യ പരിപാടി നിര്‍ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഈ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും സ്വയംഭരണത്തിന് വേണ്ടി ഒരു മിനിമം പരിപാടി ഉരുത്തിരിയുകയും ചെയ്യും എന്ന് പ്രത്യാശിക്കാം.

ആര്‍.എസ്.എസ് ഹിന്ദു ഏകാധിപത്യ രാഷ്ട്ര പദ്ധതിക്കു ബദലായി ബഹുസ്വര, മതേതര സംസ്‌കാരം ശക്തിപ്പെടുത്താന്‍ കേരളം അടിയന്തിരമായി നടപ്പിലാക്കേണ്ട ചില കാര്യങ്ങള്‍ നിര്‍ദേശിച്ചു കൊള്ളട്ടെ.

1. കേരള ബാങ്ക് രൂപീകരിക്കുക. മലയാളികളുടെ നിക്ഷേപം പ്രധാനമായും ഈ ബാങ്കില്‍ എത്താനുള്ള പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുക. ഈ പണം പ്രധാനമായും കേരളത്തിനകത്തുള്ള ആസ്തി വികസനത്തിനും, തൊഴിലുത്പാദനത്തിനും ഉപയോഗിക്കുക.

2. മാതൃഭാഷ പ്രോത്സാഹിപ്പിക്കുക. മാതൃഭാഷ ബില്‍ നിയമമായ സ്ഥിതിക്ക് കര്‍ശനമായി നടപ്പിലാക്കുക. ഇപ്പോള്‍ നിലവിലിരിക്കുന്ന ത്രിഭാഷാ പാഠ്യപദ്ധതി നിര്‍ത്തലാക്കി മൂന്നാം ഭാഷയായി ഏതു ഭാഷയും പഠിക്കാനുള്ള സാഹചര്യമൊരുക്കുക. ഹിന്ദിക്ക് പ്രത്യേക ഭരണഘടനാ പദവിയില്ലാത്തതു കൊണ്ട് നിര്‍ബന്ധ പഠനം ആവശ്യമില്ല. ഇതിനു പകരം മറ്റു ലോകഭാഷകള്‍ പഠിക്കാന്‍ അവസരമൊരുക്കിയാല്‍ മലയാളികള്‍ക്ക് ലോകമെങ്ങും അനേകം തൊഴിലവസരങ്ങള്‍ ലഭിക്കും.

3. സംസ്ഥാനത്തുള്ള റെയില്‍വേ, പൊതു മേഖലാ ബാങ്കുകള്‍, വിമാനത്താവളങ്ങള്‍, മറ്റു സേവന സ്ഥാപനങ്ങള്‍ എന്നിവയോട് നിര്‍ബന്ധമായും മലയാള ഭാഷയില്‍ സേവനങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുക. ഇത് നടപ്പിലാക്കാന്‍ നിയമപരവും രാഷ്ട്രീയവുമായിട്ടുള്ള നടപടികള്‍ കൈക്കൊള്ളുക.

4. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് തന്ത്രി, പൂജാരി തസ്തികളില്‍ 50% സംവരണമനുവദിക്കുക. പാരമ്പര്യ തന്ത്രി, പൂജാരി സ്ഥാനങ്ങള്‍ നിരോധിക്കുക. ദേവസ്വം നിയമനങ്ങള്‍ പൂര്‍ണ്ണമായും പി.എസ്.സിക്ക് വിടുക.

5. ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുക. അവരുടെ ഭൂമി, പാര്‍പ്പിടാവശ്യങ്ങള്‍ നിറവേറ്റുകയും വിദ്യാഭ്യാസ, തൊഴില്‍ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.

6. ക്ഷേത്രങ്ങളിലും പൊതു സ്ഥാപനങ്ങളിലുമുള്ള ആര്‍.എസ്.എസ് ഇടപെടല്‍ തടയുക. വര്‍ഗ്ഗീയ സംഭവങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുക. സര്‍ക്കാര്‍ നയം നടപ്പിലാക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുക.

7. സഹകരണത്തിലും, സഹോദര്യത്തിലും അധിഷ്ഠിതമായ, നവോത്ഥാന മൂല്യങ്ങളെ പിന്‍പറ്റിയുള്ള പരിസ്ഥിതി സൗഹൃദ കേരളീയ വികസന ബദല്‍ ശക്തിപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

8. വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ കേരള നവോത്ഥാനത്തിന്റെ സംഭാവനകളും, ചരിത്രവും, വര്‍ത്തമാനവും പ്രചരിപ്പിക്കുക. നവോത്ഥാന നായകരെ ആദരിക്കുക.

9. കേരളത്തിലെ ജനങ്ങളുടെ ആരാധന, ഭക്ഷണം, വ്യക്തി സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാന്‍ ജാഗരൂകരാകുക. മദ്യം, ഭക്ഷണം, ആരാധന എന്നിവയില്‍ മാനവ സ്വാതന്ത്ര്യവും, മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ന്യൂനപക്ഷ, ഭൂരിപക്ഷ പരിഗണനകളില്ലാത്ത നയം നടപ്പിലാക്കുക.

(ബിനു മാത്യു www.countercurrents.org എന്ന വെബ്‌സൈറ്റിന്റെ എഡിറ്ററാണ് . ഇമെയില്‍ വിലാസം [email protected])

Tagged with: