കോഴിക്കോട്: പരസ്പരം കരിവാരിത്തേച്ച് തുടങ്ങിയ സി.പി.ഐ.എം-സി.പി.ഐ പോര് പുതിയ വഴിത്തിരിവില്‍. പ്രത്യയശാസ്ത്രപ്രശ്‌നങ്ങളുടെ പേരില്‍ സി.പി.ഐ.എം വിട്ട വിമതര്‍ക്ക് സി.പി.ഐയിലേക്ക് സ്വാഗതമെന്ന് മുന്‍മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സി.പി.ഐയിലേക്ക് സ്വാഗതമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒഞ്ചിയത്തെ സി.പി.ഐ.എം വിമതരുടെ പാര്‍ട്ടിയായ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെമിനാറില്‍ പ്രസംഗിക്കുടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ആര്‍.എം.പി വലത്തേക്ക് പോകരുത്, ഇടത്തേക്ക് വരണം. ശത്രുവാര് മിത്രമാര് എന്ന് ആര്‍.എം.പി തിരിച്ചറിയണം. ഒറ്റപ്പെട്ട തുരുത്തിലെ ഏകാന്തവാസികളാണ് ആര്‍.എം.പി. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എത്രകാലം ഇങ്ങിനെ മുന്നോട്ട് പോകാന്‍ കഴിയും’- ബിനോയ് വിശ്വം ചോദിച്ചു.

Subscribe Us:

എന്നാല്‍ ഗതി കെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ പറഞ്ഞു. ഇതില്‍കൂടുതല്‍ തനിക്കൊന്നും പറയാനില്ലെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം റവല്യൂഷനറി പാര്‍ട്ടി സി.പി.ഐയിലേക്ക് പോകുന്നുവെന്ന ഒരു സാഹചര്യവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ടി.പി ചന്ദ്രശേഖരന്‍ വ്യക്തമാക്കി. 1964ല്‍ സി.പി.ഐ.എം അംഗീകരിച്ച അതേ നിലപാടുകളില്‍ തന്നെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സി.പി.ഐ.എമ്മും സി.പി.ഐയും ആ നിലപാടുകളില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്തു. ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ അറിയപ്പെടുന്ന ഈ രണ്ടു പാര്‍ട്ടികളും നവലിബറല്‍ നയങ്ങളോട് പൊരുത്തപ്പെട്ടാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പെട്ട തുരുത്തുകളില്‍ ഏകരായിരിക്കുന്നവര്‍ എന്ന റവല്യൂഷനറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെക്കുറിച്ചുള്ള ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തോട്, ഇന്ത്യയില്‍ ഒറ്റപ്പെട്ട തുരുത്തുകളിലാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി രൂപപ്പെട്ടതെന്നും അല്ലാതെ ദല്‍ഹിയില്‍ ലക്ഷക്കണക്കിനാളുകളുടെ സമ്മേളനം വിളിച്ചിട്ടല്ലെന്നും ടി.പി ചന്ദ്രശേഖരന്‍ പറഞ്ഞു.

Malayalam news

Kerala news in English