എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമിയില്‍ വിദ്യാഭ്യാസമന്ത്രി സമരക്കാരെ ചര്‍ച്ചക്ക് വിളിക്കണം: തീരുമാനങ്ങളില്‍ വ്യക്തത വേണം ; സര്‍ക്കാരിനെതിരെ ബിനോയ് വിശ്വം
എഡിറ്റര്‍
Friday 3rd February 2017 11:55am

binoy-viswam

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം.

എ.ഡി.എം തലത്തിലുള്ള ചര്‍ച്ചയൊന്നുമല്ല ഇവിടെ നടത്തേണ്ടത്. ഇത് വിദ്യാഭ്യാസ പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ത്ഥികളെ ചര്‍ച്ചക്കായി വിളിക്കുകയും പ്രശ്‌നം പരിഹരിക്കുകയുമാണ് വേണ്ടത്.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ അടുത്തുവരികയാണ്. അതിന്റെ ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ട്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കിയേ തീരൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം ഉപസമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഈ മാസം 6ാം തിയതി ചേരും. 10 ാം തിയതി ചേരാനിരുന്ന യോഗമാണ് നേരത്തെയായിക്കിയത്.

അതേസമയം ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി ഇന്ന് സബ് കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും.


തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടു പോകാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് പരിഹാരമുണ്ടാകുന്നതു വരെ നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റേയും ബിജെപി നേതാവ് വി വി രാജേഷിന്റേയും തീരുമാനം. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കണം, അക്കാദമിയുടെ അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് കേസെടുത്ത സാഹചര്യത്തില്‍ ലക്ഷ്മി നായരെ അറസ്റ്റുചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നുണ്ട്.

ഇതിനിടെ ലക്ഷ്മി നായരും പിതാവ് നാരായണന്‍ നായരും സിപിഐ ആസ്ഥാനത്ത് എത്തി സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. സമര രംഗത്തു നിന്നും സിപിഐ സംഘടനയായ എ.ഐ.എസ്.എഫിനോട് പിന്മാറാന്‍ ലക്ഷ്മി നായര്‍ കാനം രാജേന്ദ്രനോട് ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ച നടത്തേണ്ടത് തന്നോടല്ല കുട്ടികളോടാണ് എന്നായിരുന്നു കാനത്തിന്റെ മറുപടി.

ഇതിനിടെ സേവന നികുതി വെട്ടിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആരംഭിച്ചു. ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.

ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ പേരില്‍ ലക്ഷ്മി നായര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷം വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും പിരിച്ചെന്ന് കാണിച്ച് രണ്ട് കോടി രൂപ പേരൂര്‍ക്കട സഹകരണ ബാങ്കില്‍ നിക്ഷേപിച്ചെന്നായിരുന്നു പരാതി.

Advertisement